'മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു'; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിച്ച ബംഗാള്‍ സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് സുപ്രിംകോടതി

Update: 2021-12-09 17:26 GMT

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച ബംഗാള്‍ സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് സുപ്രിംകോടതി. മറ്റ് സംസ്ഥാനങ്ങളും ഇതേ സമീപനം പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രിംകോടതി അഭിപ്രായപ്പെട്ടു. ഒപ് ഇന്ത്യ എഡിറ്റര്‍ നൂപുര്‍ ശര്‍മയ്ക്കും മറ്റൊരു മാധ്യമപ്രവര്‍ത്തകനുമെതിരായ എഫ്‌ഐആര്‍ പിന്‍വലിച്ചകാര്യം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. കേസുകള്‍ പിന്‍വലിക്കുന്നത് ഒരു പുതിയ തുടക്കമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി കൗള്‍ പറഞ്ഞു.

വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്നതില്‍നിന്ന് മറ്റ് സംസ്ഥാന സര്‍ക്കാരുകളും വിട്ടുനില്‍ക്കണം. ജനങ്ങള്‍ക്കിടയിലെ സഹിഷ്ണുത കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രിംകോടതി, രാഷ്ട്രീയ വര്‍ഗം ഉള്‍പ്പെടെയുള്ളവര്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും കൂട്ടിച്ചേര്‍ത്തു. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പേരിലാണ് ഒപ് ഇന്ത്യ എഡിറ്റര്‍ നൂപൂര്‍ ശര്‍മയ്ക്കും മറ്റൊരു മാധ്യമപ്രവര്‍ത്തകനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്ന് ഹരജിക്കാര്‍ വാദിച്ചു.

ശര്‍മയ്ക്കും ഭാരതിക്കുമെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ ദവെയാണ് സുപ്രിംകോടതിയില്‍ അറിയിച്ചത്. പൊതുസഞ്ചയത്തില്‍നിന്ന് ഒരുപാട് ബുദ്ധിമുട്ടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്നു. കേസുകളുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു- ഹരജി തീര്‍പ്പാക്കുന്നതിനിടെ ബെഞ്ച് പറഞ്ഞു. ഒപ് ഇന്ത്യ പ്ലാറ്റ്‌ഫോം പ്രസിദ്ധീകരിച്ച വ്യത്യസ്ത സ്റ്റോറികളുമായി ബന്ധപ്പെട്ടാണ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഹരജിക്കാര്‍ വാദിച്ചു.

മറ്റ് മുഖ്യധാരാ വാര്‍ത്താ ഏജന്‍സികളും ബന്ധപ്പെട്ട വിഷയങ്ങളില്‍ ലേഖനങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്കെതിരേ മാത്രമാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജത്മലാനിയാണ് ഹരജിക്കാര്‍ക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്. സെക്ഷന്‍ 153 എ (മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 504, 505 എന്നിവ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തത്.

2020 ജൂണിലാണ് പോലിസ് നടപടിക്കെതിരേ ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. 2020 ജൂണില്‍ സുപ്രിംകോടതി എഫ്‌ഐആര്‍ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, പോലിസ് വീണ്ടും മറ്റൊരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിപരുന്നു. അത് 2021 സപ്തംബറിലും സുപ്രിംകോടതി സ്‌റ്റേ ചെയ്തു. തുടര്‍ന്നാണ് കോടതിയില്‍ വാദം നടക്കുന്നതിനിടെ കേസ് പിന്‍വലിക്കുന്ന കാര്യം ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്.

Tags: