ഹിജാബ് വിലക്ക്: സര്‍ക്കാര്‍ നിലപാട് കര്‍ണാടക വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവും

Update: 2022-02-20 10:08 GMT

ബംഗളൂരു: ഹിജാബ് വിലക്ക് അടക്കമുള്ള വിഷയങ്ങളിലെ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കര്‍ണാടക വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത തിരിച്ചടിയാവും. ഗള്‍ഫ് മേഖലയില്‍നിന്നും മലേസ്യയില്‍നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് കര്‍ണാടകയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിച്ചിരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ണാടകയിലാണ്. സീറ്റ് ബുക്ക് ചെയ്തവര്‍തന്നെ കര്‍ണാടക ഒഴിവാക്കാന്‍ ശ്രമിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്.

മെഡിസിന്‍, ദന്തല്‍, എന്‍ജിനീയറിങ്, പാരാ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കാന്‍ വേണ്ടിയാണ് കൂടുതല്‍ പേരും കര്‍ണാടകയെ ആശ്രയിച്ചുകൊണ്ടിരുന്നത്. ബംഗളൂരു നഗരത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഇത്തരം അനുഭവമില്ലെങ്കിലും സാഹസത്തിന് തുനിയാന്‍ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ല. അതിന് പകരം കുട്ടികളെ പഠിപ്പിക്കാന്‍ തെലങ്കാനയിലേക്കും മഹാരാഷ്ട്രയിലേക്കും അയക്കാനാണ് രക്ഷിതാക്കള്‍ ശ്രമിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷയും ചെലവ് കുറവുമാണ് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഇതിന് പ്രേരിപ്പിക്കുന്നത്.

കര്‍ണാടകയില്‍ സീറ്റ് ബുക്ക് ചെയ്ത ഒരു വിദ്യാര്‍ഥിനിക്ക് പകരം ഡല്‍ഹിയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് സീറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി വ്യക്തമാക്കി. ഹിജാബിനെതിരേ കര്‍ണാടക സ്വീകരിക്കുന്ന നിലപാട് ലോകവ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. സുഖകരമായ കാലാവസ്ഥയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വവുമായിരുന്നു വിദ്യാര്‍ഥികളെ കര്‍ണാടകയിലേക്ക് ആകര്‍ഷിച്ചിരുന്നത്. പ്രശ്‌നമില്ലാത്ത കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ പുറത്തിറങ്ങുമ്പോള്‍ പോലും അപമാനിക്കുന്ന സംഭവങ്ങളും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Tags:    

Similar News