ഡല്‍ഹിയില്‍ റെക്കോര്‍ഡ് ചൂട്; 49 ഡിഗ്രി സെല്‍ഷ്യസ്; പൊടിക്കാറ്റിന് സാധ്യത

മുൻഗേഷ്പുരിൽ 49.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ നജഫ്ഗാഹിൽ 49.1 ഡിഗ്രി സെൽഷ്യസാണു താപനില.

Update: 2022-05-16 02:12 GMT

ന്യൂഡല്‍ഹി: ഉഷ്ണ തരംഗത്തില്‍ വിയര്‍ത്ത് രാജ്യ തലസ്ഥാനം. റെക്കോര്‍ഡ് ചൂടാണ് ഞായറാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ചില ഭാഗങ്ങളില്‍ ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മുന്‍ഗേഷ് പുരിയിലും നജഫ്ഗഡിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

മുൻഗേഷ്പുരിൽ 49.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ നജഫ്ഗാഹിൽ 49.1 ഡിഗ്രി സെൽഷ്യസാണു താപനില. ഡൽഹിയുടെ അയൽപ്രദേശമായ ഗുരുഗ്രാമിൽ 48.1 ഡിഗ്രി സെൻഷ്യസ് എന്ന ഉയർന്ന താപനിലയും രേഖപ്പെടുത്തി.

സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഡൽഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രത്തിൽ ഞായറാഴ്ച രേഖപ്പടുത്തിയ പരമാവധി താപനില 45.6 ഡിഗ്രി സെൽഷ്യസാണ്. ഇതോടെ സാധാരണയേക്കാൾ അഞ്ചു പോയിന്റ് കൂടി, ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനിലയിലെത്തി. ശനിയാഴ്ച ഇവിടെ പരമാവധി 44.2 ഡിഗ്രി സെൽഷ്യസാണു രേഖപ്പടുത്തിയത്. ഡൽഹിയിൽ തിങ്കളാഴ്ച പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചിലപ്പോള്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. 

Similar News