ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുപിയില്‍ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനത്തില്‍നിന്ന് 17 കിലോ സ്വര്‍ണവുമായി മോഷ്ടാക്കള്‍ കടന്നു

Update: 2021-07-17 19:13 GMT

ലഖ്‌നോ: പട്ടാപ്പകല്‍ ജീവനക്കാരെയെല്ലാം തോക്കിന്‍മുനയില്‍ നിര്‍ത്തി സ്വകാര്യ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനത്തില്‍നിന്ന് 17 കിലോ സ്വര്‍ണവുമായി മോഷ്ടാക്കള്‍ കടന്നു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ഉത്തര്‍പ്രദേശ് ആഗ്രയിലെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ശാഖയിലാണ് ഞെട്ടിപ്പിക്കുന്ന കവര്‍ച്ചയുണ്ടായത്. തോക്കുകളുമായി ആറംഗസംഘമാണ് ബ്രാഞ്ചില്‍നിന്ന് സ്വര്‍ണവുമായി കടന്നതെന്ന് പോലിസ് പറഞ്ഞു.

സ്വര്‍ണത്തിന് പുറമെ അഞ്ചുലക്ഷം രൂപയും കൊള്ളയടിച്ചിട്ടുണ്ട്. സ്വര്‍ണപ്പണയ വായ്പാ ധനകാര്യകമ്പനിയുടെ കമലാ നഗര്‍ ശാഖയിലേക്ക് കടന്നുവന്ന കവര്‍ച്ചാസംഘം ജീവനക്കാരെ തോക്കുകാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവരെ ബന്ദികളാക്കിയശേഷം 20 മിനിറ്റിനുള്ളില്‍ സ്വര്‍ണവും പണവുമായി അക്രമികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മോഷ്ടിച്ച ആഭരണങ്ങളും പണവും തട്ടിയെടുത്തശേഷം രക്ഷപ്പെടുന്നതിന് മുമ്പ് പുറത്തു നിന്ന് ബ്രാഞ്ച് പൂട്ടുകയും ചെയ്തു. അക്രമികളെ പിന്തുടരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ബാങ്കിന്റെ പ്രധാന വാതില്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോഴാണ് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് വ്യക്തമായത്.

സമീപത്തെ കടകളിലുള്ളവരെത്തിയാണ് പൂട്ടുപൊളിച്ച് വാതില്‍ തുറന്നത്. തുടര്‍ന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. കവര്‍ച്ചക്കാര്‍ 20 മിനിറ്റ് സമയം ബ്രാഞ്ചിനുള്ളില്‍തന്നെ തുടര്‍ന്നു. ഞങ്ങളുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും കവര്‍ച്ച ചെയ്തു- മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കവര്‍ച്ചയുടെ വിവരമറിഞ്ഞ ഐജി നവീന്‍ അറോറ, സീനിയര്‍ പോലിസ് സൂപ്രണ്ട് (എസ്എസ്പി) ജി മുനിരാജ്, എസ്പി രോഹന്‍ ഭോത്രെ എന്നിവര്‍ സ്ഥലത്തെത്തി.

ഉത്തര്‍പ്രദേശിലെ എത്മാദ്പൂരിലെ ഖണ്ടോലി റോഡില്‍ ശനിയാഴ്ച ഏറ്റുമുട്ടലിലൂടെ രണ്ട് തോക്കുധാരികളെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇരുവരില്‍നിന്നും സ്വര്‍ണം നിറച്ച ബാഗ് കണ്ടെടുത്തു. ബാക്കിയുള്ളവരെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിക്കുകയാണ്. ഇവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും കാണാതായ സ്വര്‍ണവും പണവും കണ്ടെടുക്കുമെന്നും പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: