കൊവിഡ് ആശുപത്രിയിലെ തീപ്പിടിത്തം: അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം വീതം

ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സംഗീത സിങ്ങിനാണ് അന്വേഷണച്ചുമതല. മൂന്നുദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Update: 2020-08-06 06:38 GMT

ഗാന്ധിനഗര്‍: ഗുജറാത്തിലെ സ്വകാര്യാശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ എട്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടു. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സംഗീത സിങ്ങിനാണ് അന്വേഷണച്ചുമതല. മൂന്നുദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

അഹമ്മദാബാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നവരംഗ്പുരയിലെ ശ്രേയ് എന്ന സ്വകാര്യാശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. ഐസിയുവില്‍ കിടന്ന കൊവിഡ് രോഗികളാണ് മരിച്ചത്. മറ്റ് രോഗികളെ രക്ഷപ്പെടുത്തി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ ആശുപത്രിയിലേക്ക് മാറ്റി. 50 കിടക്കകളുള്ള ആശുപത്രിയില്‍ 45 രോഗികളുണ്ടായിരുന്നു. രോഗികളുടെ കുടുംബാംഗങ്ങളും അഗ്‌നിശമനസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് ഐസിസിയുവില്‍ തീപ്പിടിത്തമുണ്ടായതെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്തയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ആശുപത്രി ഇപ്പോള്‍ പൂട്ടി സീല്‍ വച്ചിരിക്കുകയാണ്. 41 രോഗികളെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് ആശുപത്രി ട്രസ്റ്റിയെ പോലിസ് ചോദ്യംചെയ്യുമെന്ന് അഹമ്മദാബാദ് ജോയിന്റ് പോലിസ് കമ്മീഷണര്‍ രാജേന്ദ്ര ആശാരി പറഞ്ഞു. അന്വേഷണത്തിനായി ഫയര്‍, ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags: