മകള്‍ പുനര്‍വിവാഹം ചെയ്തതിന് പത്തുവയസുകാരനെ മുത്തശ്ശി പുഴയിലെറിഞ്ഞു കൊന്നു

പ്രജ്വലിന്റെ അമ്മ ഭര്‍ത്താവിന്റെ മരണശേഷം മറ്റൊരാളെ വിവാഹം ചെയ്ത് മംഗളൂരുവിലേക്ക് പോയി. ഇതേ തുടര്‍ന്നാണ് മകനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ശാന്തമ്മ കുറ്റസമ്മതം നടത്തിയതായി പോലിസ് പറയുന്നു.

Update: 2019-09-24 17:04 GMT

മണ്ഡ്യ: മകള്‍ പുനര്‍ വിവാഹം ചെയ്തതിലുള്ള ദേശ്യത്തില്‍ പത്തുവയസുകാരനെ മുത്തശ്ശി പുഴയിലെറിഞ്ഞു കൊന്നു. കര്‍ണാടകത്തിലെ മണ്ഡ്യയിലാണ് സംഭവം. മകളുടെ മകനായ പ്രജ്വലിനേയാണ് ശാന്തമ്മ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പോലിസ് സ്‌റ്റേഷനില്‍ എത്തി ശാന്തമ്മ കുറ്റസമ്മതം നടത്തി.

മകളുടെ മകനായ പ്രജ്വല്‍ ശാന്തമ്മയുടെ കൂടെയാണ് കഴിഞ്ഞ നാല് മാസമായി കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുന്ന വഴിയില്‍ ഹേമാവതി നദിയുടെ തീരത്തേക്ക് കൊച്ചുമകനുമായി ശാന്തമ്മ പോയി. കയ്യില്‍ കരുതിയിരുന്ന കയര്‍ കൊണ്ട് കുട്ടിയുടെ കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. പിന്നീട് ശാന്തമ്മയും പുഴയില്‍ ചാടിയെങ്കിലും നാട്ടുകാര്‍ രക്ഷിച്ചു. എന്നാല്‍ കൊച്ചുമകന്‍ മുങ്ങിത്താണ വിവരം ഇവര്‍ ആരോടും പറഞ്ഞില്ല. ഇവരുടെ കുറ്റസമ്മതത്തിന് ശേഷം നദിയില്‍ നടത്തിയ തിരച്ചിലിലാണ് പ്രജ്വലിന്റെ മൃതദേഹം കണ്ടെത്തിയത്.

പ്രജ്വലിന്റെ അമ്മ ഭര്‍ത്താവിന്റെ മരണശേഷം മറ്റൊരാളെ വിവാഹം ചെയ്ത് മംഗളൂരുവിലേക്ക് പോയി. മകളുടെ പുനര്‍ വിവാഹത്തില്‍ ശാന്തമ്മക്ക് എതിര്‍പ്പുണ്ടായിരുന്നു. മടങ്ങിവരാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും മകള്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് മകനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ശാന്തമ്മ കുറ്റസമ്മതം നടത്തിയതായി പോലിസ് പറയുന്നു.

Tags:    

Similar News