മുംബൈയില്‍ 107 കിലോ സ്വര്‍ണവും 1.81 കോടി രൂപയും പിടികൂടി; ഏഴുപേര്‍ അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഡിആര്‍ഐ അറസ്റ്റുചെയ്തു. രണ്ട് വാഹനങ്ങളിലായി ഇന്ത്യയില്‍നിന്ന് ദുബായിലെ മൊത്ത കമ്പോളത്തില്‍ വില്‍പ്പന നടത്തുന്നതിനായി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

Update: 2019-03-30 01:37 GMT

മുംബൈ: മുംബൈയില്‍നിന്ന് 106.9 കിലോ സ്വര്‍ണവും 1.81 കോടി രൂപയും പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് (ഡിആര്‍ഐ) സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ഡിആര്‍ഐ അറസ്റ്റുചെയ്തു. രണ്ട് വാഹനങ്ങളിലായി ഇന്ത്യയില്‍നിന്ന് ദുബായിലെ മൊത്ത കമ്പോളത്തില്‍ വില്‍പ്പന നടത്തുന്നതിനായി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനകം സംഘം 200 കിലോ സ്വര്‍ണം കടത്തുകയും 12 കോടി രൂപ പണമായി വാങ്ങിയതായും കണ്ടെത്തി. നിസാര്‍ അലിയാര്‍, ഷോയിബ് മഹമൂദ് സറോദാര്‍വാല, മകന്‍ അബ്ദുല്‍ അഹദ് സറോദാര്‍വാല, ഷെയ്ഖ് അബ്ദുല്‍ അഹദ്, ഹോള്‍സെയില്‍ ഡീലര്‍മാരായ ഹാപ്പി അരവിന്ദ്കുമാര്‍ ധാകദ്, മനോജ് ഗിരിധരിലാല്‍ ജയിന്‍, ഹാവാല ഇടപാടുകാരന്‍ അക്വില്‍ ഫ്രൂട്ട്‌വാല എന്നിവരാണ് പിടിയിലായത്. ഇവരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണം കടത്തുന്നതായി വിവരം ലഭിച്ച ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാവുന്നത്.

ഷോയിബ് മഹമൂദ് സറോദാര്‍വാലയും ജീവനക്കാരന്‍ അഹദുമാണ് ആദ്യം കസ്റ്റഡിയിലാവുന്നത്. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്ന് രഹസ്യമായി സൂക്ഷിച്ച നിലയില്‍ 75 കിലോ സ്വര്‍ണവും കണ്ടെത്തി. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന് ഇവരെയും ഉദ്യോഗസ്ഥര്‍ തന്ത്രപരമായി കുടുക്കുകയായിരുന്നു. സംഘത്തിലുള്ളവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ സ്വര്‍ണവും പണവും പിടിച്ചെടുക്കുന്നത്. വിദേശത്തുനിന്ന് വന്‍തോതില്‍ സ്വര്‍ണവും പണവും ഇന്ത്യയിലേക്ക് കടത്തുന്നതായി ചോദ്യംചെയ്യലില്‍ സംഘം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഡിആര്‍ഐ വ്യക്തമാക്കി.  

Tags:    

Similar News