ഗോഡ്‌സെ രാജ്യസ്‌നേഹി; പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവന തള്ളി ബിജെപി

ബിജെപിയുടെ നിലപാടല്ല പ്രജ്ഞാ സിങ് പറഞ്ഞതെന്ന് പാര്‍ട്ടി വക്താവ് വി വി എല്‍ നരസിംഹ റാവു പറഞ്ഞു. പ്രസ്താവനയെ പാര്‍ട്ടി അപലപിക്കുന്നതായും പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാവണമെന്നും നരസിംഹ റാവു ആവശ്യപ്പെട്ടു.

Update: 2019-05-16 12:04 GMT

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നെന്ന ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവന തള്ളി ബിജെപി നേതൃത്വം. ബിജെപിയുടെ നിലപാടല്ല പ്രജ്ഞാ സിങ് പറഞ്ഞതെന്ന് പാര്‍ട്ടി വക്താവ് വി വി എല്‍ നരസിംഹ റാവു പറഞ്ഞു. പ്രസ്താവനയെ പാര്‍ട്ടി അപലപിക്കുന്നതായും പ്രസ്താവന പിന്‍വലിച്ച് പ്രജ്ഞ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാവണമെന്നും നരസിംഹ റാവു ആവശ്യപ്പെട്ടു. പ്രജ്ഞയുടെ പ്രസ്താവന ബിജെപി അംഗീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ പ്രജ്ഞാ സിങ്ങിനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നുവെന്നും അദ്ദേഹത്തെ ഭീകരനെന്നു വിളിക്കുന്നവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ തക്കതായ മറുപടി ലഭിക്കുമെന്നുമായിരുന്നു പ്രജ്ഞാ സിങ്ങിന്റെ വിവാദ പ്രസ്താവന. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു പ്രജ്ഞാ സിങ്. വിവാദപ്രസ്താവനകളുടെ പേരില്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രജ്ഞാ സിങ്ങിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ താനും പങ്കാളിയാണ്, ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെട്ടത് തന്റെ ശാപംകൊണ്ടാണ് തുടങ്ങിയവയായിരുന്നു പ്രജ്ഞാ സിങ്ങിന്റെ വിവാദപരാമര്‍ശങ്ങള്‍. 

Tags:    

Similar News