മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം; രണ്ട് മരണം

Update: 2021-11-07 03:57 GMT

മുംബൈ: കാന്തിവിലിയില്‍ 15 നിലകളുള്ള താമസ സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. കാന്തിവിലി ഈസ്റ്റില്‍ മഥുരദാസ് റോഡിലെ 'ഹന്‍സ ഹെറിറ്റേജ്' താമസ സമുച്ചയത്തിലെ 14ാം നിലയിലാണ് രാത്രി തീപ്പിടിത്തമുണ്ടായത്. ഏഴുപേരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പ്രായമായ രണ്ടുപേരെ മുംബൈയിലെ ശതാബ്ദി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അഗ്‌നിശമന സേനയുടെ ഏഴ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒരുമണിക്കൂര്‍ നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. തീപ്പിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശനിയാഴ്ച അഹമ്മദ്‌നഗര്‍ മുനിസിപ്പല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 11 കൊവിഡ് രോഗികള്‍ മരിച്ചിരുന്നു.

Tags: