ബാങ്കിങ് ഇടപാടുകള്‍ക്കും മതം: ആര്‍ബിഐ നടപടിയെ അപലപിച്ച് ഫാന്‍ ഇന്ത്യ

മതേതര രാജ്യത്തെ കൂടുതല്‍ ഭിന്നിപ്പിക്കുന്നതിനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം. സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി റിസര്‍വ് ബാങ്കിനെ ഉപയോഗിക്കുകയാണ്.

Update: 2019-12-29 15:34 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ബാങ്കിങ് ഇടപാടുകള്‍ക്ക് മതം ചോദിക്കുന്ന തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കേണ്ട കെവൈസി (know your customer) ഫോമില്‍ മാറ്റങ്ങള്‍ വരുത്തിയ ആര്‍ബിഐ നടപടിയെ ദി ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി നെറ്റ്‌വര്‍ക്ക് ഇന്ത്യ (ഫാന്‍ ഇന്ത്യ) അപലപിച്ചു. കെവൈസി ഫോമില്‍ മതമെഴുതാനുള്ള കോളം കൂട്ടിച്ചേര്‍ത്താണ് ആര്‍ബിഐ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് റെഗുലേഷന്‍സ് ആക്ടില്‍ (ഫെമ) ഭേദഗതി വരുത്തിയത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥലംവാങ്ങാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും സാധ്യമാണ്. ഫെമ ആക്ടിലെ പുതിയ മാറ്റങ്ങളനുസരിച്ചാണ് ഇതിന് അനുവാദം നല്‍കുന്നത്.

അതേസമയം, നിരീശ്വരവാദികള്‍, മുസ്‌ലിം കുടിയേറ്റക്കാര്‍ പ്രത്യേകിച്ച് അയല്‍രാജ്യങ്ങളായ മ്യാന്‍മര്‍, ശ്രീലങ്ക, തിബറ്റ് എന്നിവിടങ്ങളില്‍നിന്നുള്ളവരെ ഇതില്‍നിന്ന് ഒഴിവാക്കുന്നു. ഈ ഭേദഗതി പൂര്‍ണമായും നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉപഭോക്താക്കളുടെ മതം വെളിപ്പെടുത്തണമെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നത്. ബാങ്കിങ് മേഖലയ്ക്ക് ഇതിനകം നിലനില്‍ക്കുന്ന പ്രതിസന്ധിയില്‍നിന്ന് പുറത്തുവരാന്‍ കഴിഞ്ഞിട്ടില്ല. മതേതര രാജ്യത്തെ കൂടുതല്‍ ഭിന്നിപ്പിക്കുന്നതിനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം. സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി റിസര്‍വ് ബാങ്കിനെ ഉപയോഗിക്കുകയാണ്. നോട്ടുനിരോധനംപോലെ പുതിയ നീക്കം ജനങ്ങളില്‍ കൂടുതല്‍ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നു.

അടുത്ത കാലത്തായി ബാങ്കുകളുടെ കോര്‍പറേറ്റ് കൊള്ളയ്ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുപകരം ആര്‍ബിഐ സര്‍ക്കാരിനൊപ്പംചേര്‍ന്ന് തുടര്‍ച്ചയായി ജനവിരുദ്ധനയങ്ങളില്‍ ഏര്‍പ്പെടുകയാണ്. ഓഹരി വിറ്റഴിക്കലിലൂടെ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍. ജനങ്ങളില്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കാതെ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കുകയാണ് ചെയ്യേണ്ടത്. കെവൈസി വിശദാംശങ്ങളില്‍ മതം ഉള്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമായ നീക്കമാണെന്നും ഫാന്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. 

Tags:    

Similar News