ഇന്ധന വിലവര്‍ധന: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചേക്കുമെന്ന് റിപോര്‍ട്ട്

ഉപഭോക്താക്കളുടെ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം കണ്ടെത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍, ചില സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപോര്‍ട്ടുകള്‍. പക്ഷേ, ഏതെല്ലാം സംസ്ഥാനങ്ങളുമായാണ് ചര്‍ച്ച നടത്തിയതെന്ന കാര്യം വ്യക്തമല്ല.

Update: 2021-03-02 03:04 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില അനിയന്ത്രിതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആഘാതം കുറയ്ക്കുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കുന്നകാര്യം കേന്ദ്ര ധനമന്ത്രാലയം പരിഗണിക്കുന്നതായി റിപോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങളാണ് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 10 മാസമായി അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇരട്ടിയായത് ഇന്ധന വിലയില്‍ വലിയതോതിലുള്ള വര്‍ധനയ്ക്ക് കാരണമായി.

ലോകത്തെ മൂന്നാമത്തെ വലിയ അസംസ്‌കൃത എണ്ണ ഉപഭോഗം നടക്കുന്ന രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വിലയുടെ ഏകദേശം 60 ശതമാനമാണ് നികുതിയും തീരുവയും. എണ്ണവിലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ കാര്യമായ കുറവുണ്ടായിരുന്നു. പക്ഷേ, കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ആ കാലഘട്ടത്തില്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി സര്‍ക്കാര്‍ രണ്ടുതവണ ഉയര്‍ത്തി.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നത് ഈ വര്‍ധനവ് മൂലം തടയപ്പെട്ടുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണ്. ഇതിന് ആനുപാതികമായി എക്‌സൈസ് തീരുവ ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ നികുതി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ഉപഭോക്താക്കളുടെ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം കണ്ടെത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍, ചില സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപോര്‍ട്ടുകള്‍. പക്ഷേ, ഏതെല്ലാം സംസ്ഥാനങ്ങളുമായാണ് ചര്‍ച്ച നടത്തിയതെന്ന കാര്യം വ്യക്തമല്ല. വില സ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. മാര്‍ച്ച് പകുതിയോടെ ഞങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയും- സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു.

എണ്ണ ഉല്‍പാദന നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ OPEC (Organization of the Petroleum Exporting Countri-es) സമ്മതിക്കുമെന്നാണ് പ്രതീക്ഷ. തീരുവ വെട്ടിക്കുറയ്ക്കല്‍ തീരുമാനത്തിനുശേഷം എണ്ണവിലയില്‍ സ്ഥിരത കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എണ്ണവില കുറയ്ക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നികുതി വെട്ടിക്കുറയ്ക്കണമെന്ന് നേരത്തെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

Tags:    

Similar News