കേന്ദ്ര ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ സാമ്പത്തിക ഉത്തേജന നടപടികളും വാണിജ്യ, ഓട്ടോ മൊബൈല്‍, കയറ്റുമതി മേഖലകളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന.

Update: 2019-09-14 01:28 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക മേഖല ഭയാനകമായ രീതിയില്‍ തകര്‍ന്നുകൊണ്ടിരിക്കേ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ സാമ്പത്തിക ഉത്തേജന നടപടികളും വാണിജ്യ, ഓട്ടോ മൊബൈല്‍, കയറ്റുമതി മേഖലകളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. ഇന്ന് ഉച്ചയ്ക്ക് 2.30ന് ന്യൂഡല്‍ഹിയിലെ നാഷനല്‍ മീഡിയ സെന്ററിലാണ് വാര്‍ത്താ സമ്മേളനം.

ഇന്നു പ്രഖ്യാപിപ്പിക്കാന്‍ പോകുന്ന നടപടികളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. ഇക്കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് അനുകൂലമ മറുപടി നല്‍കിയതായാണു സൂചന. ഇത് മൂന്നാം തവണയാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും താഴേക്കു പോവുകയാണെന്ന അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ് ) വിലയിരുത്തല്‍ പുറത്തുവന്നു. ബാങ്കുകള്‍ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ദുര്‍ബലമായതാണ് ഇതിനു കാരണം. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കും. 2020ഓടെ 7.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍, അതിലേക്ക് എത്തുക പ്രയാസമായിരിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍. 

Tags:    

Similar News