92 ദിവസം പിന്നിട്ട് കര്‍ഷകസമരം; ഇന്ന് രാജ്യവ്യാപക പ്രതിഷേധം, താലൂക്ക്, ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നല്‍കും

തിക്രിയില്‍നിന്ന് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ട് പോലിസ് നോട്ടീസ് പതിക്കാനെത്തിയതിനെതിരേ കര്‍ഷകര്‍ പ്രതിഷേധിച്ചു. സമാധാനപരമായി സമരം തുടരുമ്പോള്‍ നോട്ടീസിന്റെ ആവശ്യമില്ലെന്നാണ് കര്‍ഷകസംഘടനകളുടെ പ്രതികരണം.

Update: 2021-02-24 03:35 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം 92 ദിവസം പിന്നിട്ടു. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധിക്കും. താലൂക്ക് ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. 28ന് മൂന്നാംഘട്ട സമരപരിപാടികള്‍ പ്രഖ്യാപിക്കാനുള്ള കൂടിയാലോചനകള്‍ തുടരുകയാണ്.

അതിനിടെ, തിക്രിയില്‍നിന്ന് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ട് പോലിസ് നോട്ടീസ് പതിക്കാനെത്തിയതിനെതിരേ കര്‍ഷകര്‍ പ്രതിഷേധിച്ചു. സമാധാനപരമായി സമരം തുടരുമ്പോള്‍ നോട്ടീസിന്റെ ആവശ്യമില്ലെന്നാണ് കര്‍ഷകസംഘടനകളുടെ പ്രതികരണം. അതിര്‍ത്തികളിലെ കേന്ദ്ര സേനാവിന്യാസം ഫെബ്രുവരി 26 വരെ നീട്ടിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തപക്ഷം പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്റ് മാര്‍ച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോള്‍ വേണമെങ്കിലും വരാമെന്നും രാജസ്ഥാനിലെ സികാറില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. യുപിയിലെ മഥുരയില്‍ ചേര്‍ന്ന കര്‍ഷക മഹാപഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

Tags: