ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വിപുലീകരണം നാളെ

90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബിജെപിക്കുള്ളത്. ജെജെപിയുടെ 10 എംഎല്‍എമാരുടെയും ഏഴ് സ്വതന്ത്രരുമടക്കം 57 പേരുടെ പിന്തുണ മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനുണ്ട്.

Update: 2019-11-13 07:24 GMT

ഛണ്ഡീഗഡ്: ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ വിപുലീകരണം നാളെ നടക്കും. രാവിലെ 11ന് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ജനനായക് ജനതാ പാര്‍ട്ടിയില്‍ (ജെജെപി) നിന്ന് രണ്ട് എംഎല്‍എമാര്‍കൂടി മന്ത്രിസഭയില്‍ അംഗമായേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. ആര്‍ക്കൊക്കെ ഏതൊക്കെ വകുപ്പുകള്‍ കിട്ടുമെന്നതില്‍ ഇതുവരെ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല ബുധനാഴ്ച വ്യക്തമാക്കി. സ്വതന്ത്ര എംഎല്‍എമാരില്‍ ആരെയൊക്കെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നത് സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചേര്‍ന്നു തീരുമാനമെടുക്കുമെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുന്‍മന്ത്രിമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്നാണ് റിപോര്‍ട്ടുകള്‍. 90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബിജെപിക്കുള്ളത്. ജെജെപിയുടെ 10 എംഎല്‍എമാരുടെയും ഏഴ് സ്വതന്ത്രരുമടക്കം 57 പേരുടെ പിന്തുണ മനോഹര്‍ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനുണ്ട്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉള്‍പ്പെടെ പരമാവധി 13 മന്ത്രിമാരെ ഹരിയാന മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാവും. ഇതില്‍ ജെജെപിക്ക് മൂന്നും സ്വതന്ത്രര്‍ക്ക് ഒന്നോ രണ്ടോ മന്ത്രിസ്ഥാനങ്ങള്‍ നല്‍കേണ്ടിവരും. ബാക്കിയുള്ള മന്ത്രിസ്ഥാനം ബിജെപിക്ക് തീരുമാനിക്കാം.  

Tags:    

Similar News