ഔദ്യോഗിക വസതി ഒഴിയാന്‍ മുന്‍ എംപിമാര്‍ക്ക് അന്ത്യശാസനം

200ഓളം എംപിമാര്‍ ബംഗ്ലാവുകള്‍ ഒഴിയാത്തതിനാല്‍ പുതിയ എംപിമാര്‍ പലരും താല്‍ക്കാലിക താമസ സ്ഥലങ്ങളിലാണ് കഴിയുന്നതെന്നു റിപോര്‍ട്ടുകളുണ്ടായിരുന്നു

Update: 2019-08-19 18:03 GMT

ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കകം ഔദ്യോഗിക വസതികള്‍ ഒഴിയണമെന്ന് മുന്‍ എംപിമാര്‍ക്ക് ലോക്‌സഭാ ഹൗസിങ് കമ്മിറ്റിയുടെ അന്ത്യശാസനം. മുന്‍ എംപിമാരുടെ ഔദ്യോഗിക ബംഗ്ലാവുകളിലെ വെള്ളവും വൈദ്യുതിയും പാചക വാതക കണക്ഷനും മൂന്നു ദിവസത്തിനകം വിച്ഛേദിക്കാനും സി ആര്‍ പാട്ടീല്‍ അധ്യക്ഷനായ കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ എംപിമാരായ 200ലേറെപേര്‍ ഇനിയും ഔദ്യോഗിക വസതി ഒഴിഞ്ഞിട്ടില്ലെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന ഹൗസിങ് കമ്മിറ്റി യോഗത്തിലാണ് കര്‍ശന നടപടി കൈക്കൊള്ളാന്‍ തീരുമാനിച്ചത്. ലോക്‌സഭ പിരിച്ചുവിട്ട് ഒരു മാസത്തിനകം എംപിമാര്‍ ഔദ്യോഗിക ബംഗ്ലാവുകള്‍ ഒഴിയണമെന്നാണ് ചട്ടം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 16ാം ലോക്‌സഭ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ മെയ് 25ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ 200ഓളം എംപിമാര്‍ ബംഗ്ലാവുകള്‍ ഒഴിയാത്തതിനാല്‍ പുതിയ എംപിമാര്‍ പലരും താല്‍ക്കാലിക താമസ സ്ഥലങ്ങളിലാണ് കഴിയുന്നതെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.




Tags:    

Similar News