യുപിയിലെ ഏറ്റുമുട്ടല്‍ കൊല: ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ

എന്നാല്‍, കത്തിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല

Update: 2019-01-12 16:41 GMT

ലക്‌നൗ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം രണ്ടുവര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. ആദിത്യനാഥിനു കീഴിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 59 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണുണ്ടായത്. ഇതേക്കുറിച്ച് യുഎന്നിലെ നാല് മനുഷ്യാവകാശ വിദഗ്ദര്‍ തങ്ങളോട് ആശങ്ക പ്രകടിപ്പിച്ചതായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കാന്‍ സുപ്രിംകോടതി നിഷ്‌കര്‍ശിച്ച മാര്‍ഗരേഖ അനുസരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ആരോപിച്ചു. മുസ്‌ലിം സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഏറ്റുമുട്ടലില്‍ കൂടുതലായും ഇരകളായത്. 15 സംഭവങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ മനുഷ്യാവകാശ വിദഗ്ദര്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറിയതായും യുഎന്‍ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, കത്തിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല. പോലിസിന്റെ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടുമ്പോഴും ഏറ്റുമുട്ടലിലുമാണ് കൊലപാതകങ്ങളുണ്ടാവുന്നതെന്നു പറഞ്ഞ് പോലിസ് സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കുകയാണെന്നു യുഎന്‍ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവങ്ങളുടെ മാതൃകയില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്, കൊല്ലപ്പെടുന്നതിന് മുമ്പ് ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. മൃതദേഹങ്ങളില്‍ പീഢിപ്പിക്കപ്പെട്ടതിന്റെ പാടുകള്‍ കണ്ടുവരുന്നതായും യുഎന്‍ വിദഗ്ദര്‍ പറയുന്നു.

    മരിച്ചവരുടെ ബന്ധുക്കളെ പോലിസ് വിവരം അറിയിക്കുകയോ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ബന്ധുക്കള്‍ക്ക് കൈമാറുകയോ ചെയ്യുന്നില്ല. കേസുകള്‍ സ്വതന്ത്ര ഏജന്‍സികള്‍ക്കു അന്വേഷിക്കാന്‍ കൈമാറാനു പോലിസ് തടസ്സം നില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ് പോലിസ് സേനയുടെ പ്രവര്‍ത്തനം അടിയന്തിരമായി പരിശോധിക്കണമെന്നും റിപോര്‍ട്ടിലുണ്ട്. നേരത്തേ, 2018 ജൂലൈയില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് വിശദീകരണം നല്‍കാന്‍ സുപ്രിംകോടതി ആദിത്യനാഥ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും യുപിയിലെ സര്‍ക്കാരിനു സമാന ആവശ്യമുന്നയിച്ച് നോട്ടീസ് നല്‍കിയിരുന്നു.




Tags:    

Similar News