യുക്രെയ്‌നിലെ സിവിലിയന്‍ കൂട്ടക്കൊല; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ

Update: 2022-04-05 19:03 GMT

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ ബുച്ചില്‍ നൂറ് കണക്കിനു സിവിലിയന്‍മാരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ. യുഎന്‍ സുരക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇന്ത്യന്‍ അംബാസിഡര്‍ ടി എസ് തിരുമൂര്‍ത്തി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

''കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത സാധാരണക്കാരെ സൈന്യം കൂട്ടക്കൊല ചെയ്ത സംഭവം അസ്വസ്ഥജനകമാണ്. ഞങ്ങള്‍ ഈ കൂട്ടക്കൊലയെ അപലപിക്കുന്നു. ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു- തിരുമൂര്‍ത്തിയുടെ പ്രസ്താവനയില്‍ പറയുന്നു.

കൈവിനടുത്ത ബുച്ചില്‍ നിന്ന് റഷ്യന്‍ സേന പിന്‍മാറിയശേഷമാണ് കൊലചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ചില കുഴിമാടങ്ങളില്‍ നാനൂറോളം പേരെ കണ്ടെത്തി. ബുച്ചില്‍ തന്നെ തെരുവില്‍ ഇരുപതോളം പേരുടെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന രീതിയില്‍ കണ്ടെത്തിയിരുന്നു.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യുഎസ് തുടങ്ങിയ രാജ്യങ്ങളും സിവിലിയന്‍ കൊലപാതകങ്ങളില്‍ അമര്‍ഷം രേഖപ്പെടുത്തി. റഷ്യന്‍ പ്രസിഡന്റ് പുട്ടിനെ അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍ യുദ്ധകുറ്റവാളിയെന്നാണ് വിശേഷിപ്പിച്ചത്.

യുക്രൈന്‍ സ്ത്രീകളെ റഷ്യന്‍ സൈനികര്‍ കുട്ടികളുടെ മുന്നില്‍ വച്ച് ബലാല്‍സംഗം ചെയ്‌തെന്നും ശേഷം കൊലപ്പെടുത്തിയെന്നും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി യുഎന്നില്‍ ആരോപിച്ചു.

'ബുച്ചില്‍ റഷ്യന്‍ സൈന്യം ചെയ്തത് ക്രൂരതയാണ്. യുഎന്‍ ചാര്‍ട്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ ലംഘിക്കപ്പെട്ടു. നിരവധി ഉദാഹരണങ്ങളില്‍ ഒന്ന് മാത്രമാണ് ബുച്ചിലെ കൂട്ടക്കൊല,'- സെലന്‍സ്‌കി പറഞ്ഞു.

എല്ലാ കൊലപാതകങ്ങളും റഷ്യ നിരോധിച്ചു. എല്ലാം വ്യാജവാര്‍ത്തകളാണെന്നാണ് റഷ്യയുടെ വാദം.

Tags:    

Similar News