മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒക്ടോബര്‍ 21ന് നടക്കും. മഞ്ചേശ്വരം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Update: 2019-09-21 07:03 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ 21ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒക്ടോബര്‍ 21ന് നടക്കും. മഞ്ചേശ്വരം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 24ന് തന്നെയാണ് ഇവിടെയും വോട്ടെണ്ണല്‍. 

ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്.

കേരളത്തിനു പുറമേ അരുണാചല്‍, അസം, ബിഹാര്‍, ചത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, ഒഡിഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട്, തെലങ്കാന, യുപി സംസ്ഥാനങ്ങളില്‍ 64 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

സപ്തംബര്‍ 27നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 4 ആണ്. ഒക്ടോബര്‍ 5ന് സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 7 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.

മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗ് എംഎല്‍എ പി ബി അബ്ദുല്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. കള്ളവോട്ട് ആരോപണവുമായി എതിര്‍സ്ഥാനാര്‍ഥി ബിജെപിയിലെ കെ സുരേന്ദ്രന്‍ കോടതിയെ സമീപച്ചതു മുലമാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വൈകിയത്. എംഎല്‍എമാര്‍ പാര്‍ലമെന്റിലേക്ക് മല്‍സരിച്ച് ജയിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്നവയാണ് കോന്നി, അരൂര്‍, എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ഒരു പൊതുതിരഞ്ഞെടുപ്പിന്റെ വീറും വാശിയും ഈ ഉപതിരഞ്ഞെടുപ്പിന് ഉണ്ടാവുമെന്നാണു കണക്കുകൂട്ടല്‍.

Tags: