ഡല്‍ഹി മെട്രോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെ എതിര്‍ത്ത് ഇ ശ്രീധരന്‍

ഡല്‍ഹി മെട്രോ മുന്‍ മേധാവിയും ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവുമാണ് ശ്രീധരന്‍. സൗജന്യ യാത്ര അനുവദിച്ചാല്‍ ഡല്‍ഹി മെട്രോയെ കാര്യക്ഷമതയില്ലായ്മയിലേയ്ക്കും കടക്കെണിയിലേയ്ക്കും എത്തിക്കുമെന്ന് ശ്രീധരന്‍ കത്തില്‍ പറഞ്ഞു.

Update: 2019-06-15 01:46 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് മെട്രോമാന്‍ ഇ. ശ്രീധരന്‍ രംഗത്ത്. സൗജന്യ യാത്ര അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡല്‍ഹി മെട്രോ മുന്‍ മേധാവിയും ഇപ്പോഴത്തെ മുഖ്യ ഉപദേഷ്ടാവുമാണ് ശ്രീധരന്‍. സൗജന്യ യാത്ര അനുവദിച്ചാല്‍ ഡല്‍ഹി മെട്രോയെ കാര്യക്ഷമതയില്ലായ്മയിലേയ്ക്കും കടക്കെണിയിലേയ്ക്കും എത്തിക്കുമെന്ന് ശ്രീധരന്‍ കത്തില്‍ പറഞ്ഞു. സമൂഹത്തിലെ ഒരു വിഭാഗത്തിന് സൗജന്യ യാത്ര അനുവദിക്കാനുള്ള കെജരിവാള്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ നീക്കം ഡിഎംആര്‍സിക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ വനിതാ യാത്രക്കാരെ സഹായിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ യാത്ര സൗജന്യമാക്കാതെ സംസ്ഥാന സര്‍ക്കാര്‍ യാത്രാ ചെലവ് അടയ്ക്കട്ടെയെന്നു ശ്രീധരന്‍ നിര്‍ദേശംവച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കുന്നതിനും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കാനുമാണ് ഇത്തരമൊരു നീക്കമെന്നാണ് ആം ആദ്മി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍, അവക്കു കീഴിലുള്ള ക്ലസ്റ്റര്‍ ബസുകള്‍, മെട്രോ ട്രെയിനുകള്‍ എന്നിവയിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര.

സ്ത്രീകള്‍ക്ക് സൗജന്യയാത്രാ പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചത്. ഇതിനായി സര്‍ക്കാര്‍ വര്‍ഷം 700 കോടി മാറ്റിവയ്ക്കും. സൗജന്യ യാത്ര പദ്ധതി ആര്‍ക്കും അധികഭാരം ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞിരുന്നു. സാമ്പത്തികമായി ശേഷിയുള്ളവര്‍ ടിക്കറ്റ് എടുത്തുതന്നെ യാത്ര ചെയ്യണം. അവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. പാവപ്പെട്ടവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കേജരിവാള്‍ പറഞ്ഞു. പദ്ധതി മൂന്നുമാസത്തിനകം ആരംഭിക്കും.

Tags:    

Similar News