ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മയക്കുമരുന്നെത്തിച്ച ശ്രേയസ് നായര്‍ അറസ്റ്റില്‍

Update: 2021-10-04 16:56 GMT

മുംബൈ: ആഡംബര കപ്പലില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന ശ്രേയസ് നായരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റുചെയ്തു. ഗുര്‍ഗാവില്‍നിന്നാണ് ശ്രേയസ് നായര്‍ അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഉന്നത ബന്ധങ്ങളുള്ള മയക്കുമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നാണ് എന്‍സിബി പറയുന്നത്. ആഡംബര കപ്പലില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 25ഓളം പേര്‍ക്ക് ഇയാളാണ് മയക്കുമരുന്നെത്തിച്ച് നല്‍കിയത്.

എംഡിഎംഎ അടക്കമുള്ള നിരോധിത മയക്ക് മരുന്നുകള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാര്‍ക്‌നെറ്റ് വഴി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ഇയാള്‍ ആവശ്യക്കാരില്‍നിന്ന് ക്രിപ്‌റ്റോ കറന്‍സിയിലൂടെയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ആര്യന്റെയും അര്‍ബാസിന്റെയും വാട്‌സ് ആപ്പ് ചാറ്റുകളില്‍നിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍സിബിക്ക് ലഭിച്ചത്. ആര്യനും അര്‍ബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ട്. ചില പാര്‍ട്ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ലഹരിപ്പാര്‍ട്ടി നടന്ന ആഡംബര കപ്പലില്‍ ശ്രേയസ് നായരും യാത്രചെയ്യാന്‍ പദ്ധതിയിട്ടിരുന്നു.

എന്നാല്‍, മറ്റുചില കാരണങ്ങളാല്‍ ഇയാള്‍ യാത്ര ഒഴിവാക്കുകയായിരുന്നു. അതിനിടെ, ആദ്യഘട്ട ചോദ്യംചെയ്യലില്‍ ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ച് ആര്യനും അര്‍ബാസും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഗോവ കേന്ദ്രീകരിച്ചുള്ള ഒരാളാണ് തനിക്ക് ലഹരിമരുന്ന് നല്‍കിയതെന്നായിരുന്നു അര്‍ബാസ് മര്‍ച്ചന്റ് നല്‍കിയ മൊഴി. വിമാനത്താവളത്തിന് സമീപത്തുനിന്നാണ് താന്‍ ലഹരിമരുന്ന് വാങ്ങിയതെന്ന് കേസിലെ മൂന്നാം പ്രതിയായ നടി മുണ്‍മുണ്‍ ധമേച്ചയും എന്‍സിബിയോട് പറഞ്ഞു.

ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് അടുത്തുവച്ചാണ് ലഹരിമരുന്ന് കൈമാറ്റം ചെയ്‌തെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്. ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്‌നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു.

Tags:    

Similar News