കള്ളപ്പണക്കേസ്: ഡി കെ ശിവകുമാറിന്റെ മകളെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഐശ്വര്യയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. എട്ടുകോടി രൂപ ദില്ലിയിലെ വസതിയില്‍നിന്ന് കണ്ടെടുത്ത കേസില്‍ ഡി കെ ശിവകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ്.

Update: 2019-09-12 02:25 GMT

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഐശ്വര്യയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. എട്ടുകോടി രൂപ ദില്ലിയിലെ വസതിയില്‍നിന്ന് കണ്ടെടുത്ത കേസില്‍ ഡി കെ ശിവകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആരായാനാണ് ശിവകുമാറിന്റെ മകളെയും ചോദ്യം ചെയ്യുന്നത്. ഐശ്വര്യ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാവുമെന്ന് സഹോദരനും കോണ്‍ഗ്രസ് എംപിയുമായ കെ കെ സുരേഷ് അറിയിച്ചു. നിയമം എല്ലാവര്‍ക്കും ബാധകമാണ്. അവള്‍ ധൈര്യമുള്ള പെണ്‍കുട്ടിയാണ്. ശിവകുമാറിനെയും കുടുംബത്തെയുംകുറിച്ച് അന്വേഷിക്കാന്‍ ഇഡിക്ക് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്ക് അത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ മറ്റ് നേതാക്കളെയും കുടുംബത്തെയും കുറിച്ചും അവര്‍ അന്വേഷണം നടത്തേണ്ടതാണെന്നും സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശിവകുമാര്‍ സ്ഥാപിച്ച വിദ്യാഭ്യാസട്രസ്റ്റിന്റെ ട്രസ്റ്റി കൂടിയാണ് മകള്‍ ഐശ്വര്യ. ട്രസ്റ്റിന് കീഴില്‍ നിരവധി എന്‍ജിനീയറിങ് കോളജുകളും മറ്റ് കോളജുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

2017 ആഗസ്തില്‍ അന്ന് കര്‍ണാടക ജലസേചനവകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം. ശിവകുമാറിന്റെ ഇഡി കസ്റ്റഡി നാളെ അവസാനിക്കാനിരിക്കെയാണ് മകളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് അപേക്ഷ സമര്‍പ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. 

Tags:    

Similar News