ഭരണഘടന വായിക്കുന്നത് കുറ്റമാണോ?; പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്

ഭരണഘടനയെ അനുസരിച്ചാണു തന്റെ പോരാട്ടം. അത് തുടരുകതന്നെ ചെയ്യും. ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ താന്‍ ഒരു പ്രസംഗവും നടത്തിയിട്ടില്ല. ഭരണഘടനയുടെ ആമുഖം വായിക്കുന്നത് എങ്ങനെയാണു കുറ്റകരമാവുന്നത്. ഡല്‍ഹി പോലിസ് കേന്ദ്രത്തിന്റെ താളത്തിനു തുള്ളുകയാണ്.

Update: 2020-01-17 01:22 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഭരണഘടന വായിക്കുന്നത് എങ്ങനെയാണ് കുറ്റകരമാവുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരുമാസത്തെ തിഹാര്‍ ജയില്‍വാസത്തിനുശേഷം ജാമ്യത്തിലിറങ്ങി മാധ്യമങ്ങളോടു സംസാരിക്കവെയാണ് ആസാദ് ഈ ചോദ്യമുന്നയിച്ചത്. ഭരണഘടനയെ അനുസരിച്ചാണു തന്റെ പോരാട്ടം. അത് തുടരുകതന്നെ ചെയ്യും. ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ താന്‍ ഒരു പ്രസംഗവും നടത്തിയിട്ടില്ല. ഭരണഘടനയുടെ ആമുഖം വായിക്കുന്നത് എങ്ങനെയാണു കുറ്റകരമാവുന്നത്. ഡല്‍ഹി പോലിസ് കേന്ദ്രത്തിന്റെ താളത്തിനു തുള്ളുകയാണ്.

കേന്ദ്രത്തിന് മുന്നില്‍ പോലിസ് നിസ്സഹായരാണ്. തനിക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ കോടതിയെ സമീപിക്കും. കോടതിയാണ് തനിക്ക് ആശ്വാസം നല്‍കിയതെന്നും നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ആസാദ് പിന്നീട് ട്വിറ്ററില്‍ എഴുതി. ഡല്‍ഹി തീസ് ഹസാരി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ജയില്‍മോചിതനായത്. വന്‍ സ്വീകരണമാണ് ജയിലിനു പുറത്ത് ആസാദിന് അണികള്‍ നല്‍കിയത്. തീസ് ഹസാരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവ് ആണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. നാലാഴ്ച ഡല്‍ഹിയിലേക്കു കടക്കരുതെന്നത് അടക്കമുള്ള ഉപാധികളോടെയാണു ജാമ്യം.

25,000 രൂപ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കണം. ഒരുമാസത്തേക്കു പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മോചിതനായി 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹി വിടണമെന്നും ഉപാധികളില്‍ പറയുന്നു. ഡല്‍ഹി ജമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആസാദിന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹി ജമാ മസ്ജിദില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞമാസം 21നാണ് ആസാദിനെ പോലിസ് അറസ്റ്റുചെയ്തത്. ജയില്‍മോചിതനായ ആസാദ് ഡല്‍ഹി ജമാ മസ്ജിദ്, രവിദാസ് ക്ഷേത്രം, ഗുരുദ്വാര പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.

Tags:    

Similar News