കൊറോണയെ നേരിടാന്‍ ചാണകവും ഗോമൂത്രവും; വിചിത്ര പ്രതിവിധിയുമായി ബിജെപി എംഎല്‍എ

കൊറോണ ഒരു വായു രോഗമാണ്. ചാണകം കത്തിക്കുമ്പോള്‍ പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാന്‍ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാന്‍ ചാണകം സഹായിക്കുമെന്നാണ് സുമന്റെ വാദം.

Update: 2020-03-03 03:19 GMT

ഗുവാഹത്തി: ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയും ആയിരക്കണക്കിനാളുകള്‍ മരണപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ വിചിത്ര ചികില്‍സാ പ്രതിവിധിയുമായി ബിജെപി എംഎല്‍എ രംഗത്ത്. ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ വൈറസിനെ നേരിടാമെന്ന് അവകാശപ്പെട്ട അസമിലെ ബിജെപി എംഎല്‍എ സുമന്‍ ഹരിപ്രിയയാണ് പുതിയ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ വലിയ പരിഹാസങ്ങളാണ് എംഎല്‍എ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അസമില്‍ തിങ്കളാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിലാണ് സുമന്‍ വിചിത്രമായ കണ്ടെത്തല്‍ അവതരിപ്പിച്ചത്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ഭേദമാക്കാന്‍ ഗോമൂത്രവും ചാണകവും സഹായകമാണ്. ചാണകം വളരെ ഔഷധമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

കൊറോണ ഒരു വായു രോഗമാണ്. ചാണകം കത്തിക്കുമ്പോള്‍ പുറത്തുവരുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാന്‍ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാന്‍ ചാണകം സഹായിക്കുമെന്നാണ് സുമന്റെ വാദം. അതുപോലെ ഗോമൂത്രം തളിക്കുമ്പോള്‍ അത് ഒരു പ്രദേശത്തെ ശുദ്ധീകരിക്കുന്നു. അതുപോലെ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. കന്നുകാലി കടത്തിനെക്കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് സുമന്‍ ഹരിപ്രിയയുടെ ഈ പ്രതികരണം. ശാസ്ത്രീയമായ കാരണങ്ങള്‍കൊണ്ടാണ് മതപരമായ ചടങ്ങുകള്‍ക്ക് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത്.

പുരാതനകാലത്ത് വിശുദ്ധന്മാര്‍ ഗോമൂത്രം, പാല്‍, തേന്‍ എന്നിവ ഉപയോഗിച്ച് പഞ്ചാമൃതമുണ്ടാക്കി അവരുടെ എല്ലാ രോഗങ്ങളും ഭേദമാക്കി. അങ്ങനെ ആയിരം വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞു. ഗുജറാത്തിലെ ആയുര്‍വേദ ആശുപത്രികളില്‍ രോഗികള്‍ക്ക് ചാണകവും ഗോമൂത്രവും ചേര്‍ത്ത് തയ്യാറാക്കുന്ന പഞ്ചാമൃത് നല്‍കാറുണ്ട്. ഇതിലൂടെ പലരുടെയും രോഗം മാറിയതായി മനസിലാക്കിയിട്ടുണ്ട്. പശു തങ്ങള്‍ക്ക് തരുന്നതെല്ലാം പ്രധാനമാണെന്നും എംഎല്‍എ പറഞ്ഞു. പശുവിന്റെയും ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും പാലിന്റെയും പേരില്‍ വിചിത്രകണ്ടെത്തലുകള്‍ നടത്തി നിരവധി ബിജെപി നേതാക്കളാണ് സോഷ്യല്‍ മീഡിയകളില്‍ പരിഹാസകഥാപാത്രങ്ങളായിട്ടുള്ളത്. 

Tags:    

Similar News