കര്‍ണാടകത്തിന് തിരിച്ചടി; മംഗളൂരു ഹൈവേ തുറക്കണമെന്ന കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രിംകോടതി

കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.

Update: 2020-04-03 10:24 GMT

ന്യൂഡല്‍ഹി: കാസര്‍ഗോട്ടെ കേരളാ അതിര്‍ത്തി റോഡുകളെല്ലാം മണ്ണിട്ടടച്ച നടപടിയില്‍ കര്‍ണാടകത്തിന് സുപ്രിംകോടതിയില്‍നിന്ന് തിരിച്ചടി. കാസര്‍ഗോഡ്- മംഗളൂരു ദേശീയപാത തുറന്നുകൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയ കേരളാ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി തയ്യാറായില്ല. പകരം കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. അതേസമയം, കോടതി നിലവില്‍ കര്‍ണാടകത്തോട് അതിര്‍ത്തി തുറക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുമില്ല.

കേരളാ ഹൈക്കോടതി ഉത്തരവിനെതിരേ കര്‍ണാടകം നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി നിര്‍ദേശം. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഇന്ന് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബഞ്ച് ഹരജി പരിഗണിച്ചത്. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണനയ്‌ക്കെടുത്തില്ല. കേരള, കര്‍ണാടക സംസ്ഥാനങ്ങളുടെ മാത്രം വാദം കേള്‍ക്കാനായിരുന്നു കോടതി തീരുമാനം. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് സുപ്രിംകോടതി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

കാസര്‍ഗോഡ് - മംഗളൂരു ദേശീയപാത അടക്കം കര്‍ണാടകം അടച്ചിട്ടിരിക്കുകയാണ്. അടിയന്തരമായി ചികില്‍സാ ആവശ്യത്തിന് പോവുന്ന ആംബുലന്‍സുകള്‍ പോലും കര്‍ണാടക തുറന്നുകൊടുക്കുന്നില്ല. മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴി നിരവധിയാളുകള്‍ ചികില്‍സ കിട്ടാതെ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവശ്യസാധനങ്ങളും അടിയന്തരചികില്‍സ ആവശ്യമുള്ള രോഗികളെയും മാത്രം ചെക്ക്‌പോസ്റ്റ് വഴി കടത്തിവിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ ഈ നിര്‍ദേശം തള്ളി. കാസര്‍ഗോഡ് കൊവിഡ് ഹോട്ട് സ്‌പോട്ടാണ്. കേരളത്തിലെ രോഗികളെ അവിടെത്തന്നെ ചികില്‍സിക്കണം.

കാസര്‍ഗോട്ടെ രോഗികളെ കര്‍ണാടകത്തിന് ചികില്‍സിക്കാനാവില്ല എന്നായിരുന്നു കര്‍ണാടകത്തിന്റെ നിലപാട്. ഇതിനെതിരെയാണ് കേരളാ ഹൈക്കോടതി ഉത്തരവിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഹൈവേകള്‍ തടസ്സപ്പെടുത്തിയാല്‍ നിയമനടപടി വരെ എടുക്കാമെന്നും കോടതി സൂചിപ്പിച്ചു. കര്‍ണാടക സര്‍ക്കാരിനെതിരേ ഒരു ഉത്തരവും പാസ്സാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, കേന്ദ്രസര്‍ക്കാരിനാണ് നിര്‍ദേശം നല്‍കുന്നതെന്നും വ്യക്തമാക്കി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കം കേസിലെ മറ്റുള്ളവരുടെ ഹരജികളില്‍ സുപ്രിംകോടതി ചൊവ്വാഴ്ച വാദം കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

Tags: