കൊവിഡ് 19: ബിജെപി നേതാവ് വി മുരളീധരന്‍ വീട്ടില്‍ ഐസൊലേഷനില്‍

Update: 2020-03-17 06:59 GMT

ന്യൂഡല്‍ഹി: ശ്രീചിത്ര ആശുപത്രിയില്‍ യോഗത്തില്‍ പങ്കെടുത്തതിനാല്‍ കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍ വീട്ടില്‍ ഐസൊലേഷനില്‍. രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ സ്വയം ഐസോലേഷനില്‍ തുടരാനാണു വി മുരളീധരന്റെ തീരുമാനം. ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും രോഗബാധിതനായ ഡോക്ടറുമായി ഇടപഴകിയ ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്ത സാഹചര്യത്തിലാണ് മുരളീധരന്റെ നടപടി. ശ്രീചിത്രയില്‍ യോഗത്തിനെത്തിയ ഇദ്ദേഹം വൈറസ് ബാധിതനായ ഡോക്ടറെ കണ്ടിരുന്നില്ലെങ്കിലും ഈ സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ പൊതുഇടങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാണ് മുരളീധരന്റെ തീരുമാനം. പാര്‍ലമെന്റ് സമ്മേളനത്തില്‍ വി മുരളീധരന്‍ പങ്കെടുക്കുന്നില്ല. ഇക്കഴിഞ്ഞ 14നാണ്


    ശ്രീചിത്ര ആശുപത്രിയിലെ അവലോകന യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്തത്. ഇദ്ദേഹത്തോടൊപ്പം ബിജെപി നേതാവ് വി വി രാജേഷ് ഉള്‍പ്പെടെയുള്ളവരുമുണ്ടായിരുന്നു. പഠനാവശ്യാര്‍ഥം സ്‌പെയ്‌നിലായിരുന്ന ഡോക്ടര്‍ തിരിച്ചെത്തിയപ്പോള്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിക്കു തിരിച്ചടിയായത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം 70ലേറെ പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.


Tags:    

Similar News