കൊവിഡ് 19: രാജ്യത്ത് 62 പരിശോധനാകേന്ദ്രങ്ങള്‍; കേരളത്തില്‍ നാലെണ്ണം

ആലപ്പുഴയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂനിറ്റ്, തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും തൃശൂരിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയവയാണ് സംസ്ഥാനത്തെ നാല് കേന്ദ്രങ്ങള്‍. ഇതില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വൈറല്‍ റിസര്‍ച്ചസ് ആന്റ് ഡയഗ്‌നോസിസ് ലാബ് പുതുതായി പട്ടികയില്‍ ഇടംപിടിച്ചതാണ്.

Update: 2020-03-17 12:57 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈറസ് പരിശോധിക്കാവുന്ന രാജ്യത്തെ 62 കേന്ദ്രങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പട്ടികയില്‍ നാല് കേന്ദ്രങ്ങളാണ് കേരളത്തില്‍നിന്നുള്ളത്. ആലപ്പുഴയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂനിറ്റ്, തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും തൃശൂരിലെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയവയാണ് സംസ്ഥാനത്തെ നാല് കേന്ദ്രങ്ങള്‍. ഇതില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ വൈറല്‍ റിസര്‍ച്ചസ് ആന്റ് ഡയഗ്‌നോസിസ് ലാബ് പുതുതായി പട്ടികയില്‍ ഇടംപിടിച്ചതാണ്.

ആന്ധ്രാപ്രദേശ്, അസം, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നാലോ അധികമോ പരിശോധനാകേന്ദ്രങ്ങളുള്ളത്. തൃശൂരിലെ വിആര്‍ ഡി ലാബ് വൈറോളജി പഠനശാഖയുടെ റീജ്യനല്‍ സെന്ററാക്കി ഉയര്‍ത്തണമെന്ന് ടി എന്‍ പ്രതാപന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സംസാരിക്കവെയാണ് കേരളത്തിന് സ്ഥിരമായ വൈറോളജി ഗവേഷണകേന്ദ്രങ്ങളുടെ ആവശ്യമുയര്‍ത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച എംപിമാരായ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് തുടങ്ങിയവര്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൃശൂരിലെ ലാബില്‍ കൊവിഡ് 19 പരിശോധനകള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഉടന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമാണു ശനിയാഴ്ച പരിശോധനകള്‍ക്ക് അംഗീകാരമാവുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥാപിച്ചതാണ് മെഡിക്കല്‍ കോളജുകളിലെ വൈറോളജി ലാബുകള്‍.  

Tags:    

Similar News