15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ കൊറോണ ബാധിതര്‍ 18 ആയി

നോയിഡയില്‍ കൊറോണ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു.

Update: 2020-03-04 05:50 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ പൗരന്‍മാര്‍ക്ക് കോവിഡ് 19- കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഡല്‍ഹി ചാവ്‌ല ക്യാംപില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവര്‍ക്കാണ് എയിംസില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചൊവ്വാഴ്ചയാണ് 21 ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ ചാവ്‌ലയിലെ നിരീക്ഷണ ക്യാംപിലേക്ക് മാറ്റിയത്. സംഘത്തിലെ ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, നോയിഡയില്‍ കൊറോണ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു.

നാല് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ വൈറസ് അവസ്ഥയെക്കുറിച്ച് അവലോകനയോഗം വിളിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടന പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഇതുവരെ 80 രാജ്യങ്ങള്‍ കൊറോണ ഭീതിയിലാണ്. ലോകമെമ്പാടും 92,800 കൊറോണ കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ 3,100 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. ചൈനയില്‍ കൊറോണയുടെ വ്യാപനത്തില്‍ നേരിയ കുറവുണ്ടായപ്പോള്‍ മറ്റു രാജ്യങ്ങളില്‍ വൈറസ് രോഗം ശക്തിപ്പെടുകയാണ്.

ചൈനയില്‍ മാര്‍ച്ച് 3 വരെ ആകെ 80,270 കേസുകളാണ് സ്ഥിരീകരിച്ചത്. ചൈനയിലെ മരണസംഖ്യ 2,981 ആയി ഉയര്‍ന്നു. അമേരിക്കയില്‍ ഇതിനകം ഒമ്പതുപേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 100 കടന്നു. 231 പേര്‍ നിരീക്ഷണത്തിലാണ്. കിങ് കൗണ്ടിയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. എട്ടുപേരാണ് ഇവിടെ കൊറോണ മൂലം മരിച്ചത്. കൊറോണയെത്തുടര്‍ന്നു ഫ്‌ളോറിഡയിലും വാഷിങ്ടണ്‍ സ്റ്റേറ്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. യുഎസില്‍ കാലഫോര്‍ണിയയും വാഷിങ്ടണും ഉള്‍പ്പടെ 12 സ്റ്റേറ്റുകളില്‍ രോഗബാധ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Tags: