പുല്‍വാമ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്; സര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണപിന്തുണ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി

ലോകത്തിനു ഭീഷണിയായ ഭീകരതയെ ഒറ്റക്കെട്ടായി രാജ്യം ചെറുക്കുമെന്നും ഭീകരര്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.

Update: 2019-02-15 08:47 GMT

ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് കോണ്‍ഗ്രസ് രംഗത്ത്. ലോകത്തിനു ഭീഷണിയായ ഭീകരതയെ ഒറ്റക്കെട്ടായി രാജ്യം ചെറുക്കുമെന്നും ഭീകരര്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.

ഇത് ദു:ഖത്തിന്റെയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്. അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ല. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ല. രാജ്യത്തിന്റെ ആത്മാവിന് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരതയുടെ ലക്ഷ്യം രാഷ്ട്രത്തെ വിഭജിക്കലാണ്. എന്നാല്‍, നമ്മള്‍ ഒരുനിമിഷം പോലും വിഭജിച്ചുനില്‍ക്കില്ല. നമ്മുടെ സൈനികര്‍ക്ക് നേരെ വെറുപ്പുളവാക്കുന്ന ആക്രമണമാണ് നടന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.

രാഹുലിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പുല്‍വാമ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇന്ന് ദു:ഖത്തിന്റെ ദിവസമാണ്. നഷ്ടപ്പെട്ട ജവാന്‍മാരുടെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയവുമാണ്. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത നാല്‍പ്പതിലധികം സൈനികരുടെയും പരിക്കേറ്റ സൈനികരുടെയും കുടുംബത്തിന്റെ ദു:ഖത്തില്‍ എല്ലാവരും പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭീകരശക്തികളോട് രാജ്യം ഒരിക്കലും വിട്ടുവീഴ്ചചെയ്യില്ലെന്നും പുല്‍വാമ ആക്രമണത്തിനെതിരേ ശക്തമായ നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News