കല്‍ക്കരി ഖനന അഴിമതിക്കേസ്: തൃണമൂല്‍ നേതാവ് അഭിഷേകിന്റെ ഭാര്യയെ സിബിഐ ചോദ്യം ചെയ്തു

കല്‍ക്കരി മാഫിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്ഥിരമായി കൈക്കൂലി നല്‍കിയെന്ന ആരോപണത്തിലാണ് ചോദ്യംചെയ്യല്‍. നിലവില്‍ ഒളിവില്‍ കഴിയുന്ന പാര്‍ട്ടിയുടെ യുവനേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നാണ് കേസ്. ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം സിബിഐ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അഭിഷേകുമായി ബന്ധമുള്ള തൃണമൂല്‍ കോണ്‍ഗ്രസിലെ യുവ നേതാക്കളുടെ വീട്ടില്‍ ഇതിനകം സിബിഐ റെയ്ഡ് നടത്തിയിരുന്നു.

Update: 2021-02-24 01:35 GMT

കൊല്‍ക്കത്ത: കല്‍ക്കരി ഖനന അഴിമതിക്കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിറ ബാനര്‍ജിയെ സിബിഐ ചോദ്യം ചെയ്തു. തെക്കന്‍ കൊല്‍ക്കത്തയിലെ വസതിയില്‍ ഒരുമണിക്കൂറോളം സിബിഐ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു. കനത്ത പോലിസ് സന്നാഹത്തില്‍ ഉച്ചയ്ക്ക് 1.15നാണ് സംഘം പരിശോധന നടത്തി മടങ്ങിയത്. ഞങ്ങള്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരെ ചോദ്യം ചെയ്തു. അന്വേഷണം നടക്കുകയാണ്- സിബിഐ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. രുജിറയെ ചോദ്യം ചെയ്ത ചോദ്യാവലി അവരുടെ പക്കലുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. രുജിറയുടെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ അന്വേഷണസംഘത്തിന് യഥാസമയം ഹാജരാക്കിയ ബാങ്ക് അക്കൗണ്ടുകളുടെയും ഇടപാടുകളുടെയും വിശദാംശങ്ങളും സിബിഐ അന്വേഷിച്ചു.

ഫെബ്രുവരി 23ന് രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3 നും ഇടയില്‍ ഉദ്യോഗസ്ഥര്‍ക്ക് ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയിലെത്താമെന്ന് ഞായറാഴ്ച കൈമാറിയ സിബിഐ നോട്ടീസിന് രുജിറ മറുപടി നല്‍കിയിരുന്നു. എന്തിനാണ് ഏജന്‍സി തന്നെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയില്ലെന്നും അവര്‍ പ്രതികരിച്ചു. ഇതേ കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സിബിഐ രുജിറയുടെ സഹോദരി മേനക ഗംഭീറിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. കല്‍ക്കരി മാഫിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്ഥിരമായി കൈക്കൂലി നല്‍കിയെന്ന ആരോപണത്തിലാണ് ചോദ്യംചെയ്യല്‍.

നിലവില്‍ ഒളിവില്‍ കഴിയുന്ന പാര്‍ട്ടിയുടെ യുവനേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നാണ് കേസ്. ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം സിബിഐ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അഭിഷേകുമായി ബന്ധമുള്ള തൃണമൂല്‍ കോണ്‍ഗ്രസിലെ യുവ നേതാക്കളുടെ വീട്ടില്‍ ഇതിനകം സിബിഐ റെയ്ഡ് നടത്തിയിരുന്നു. സിബിഐ എത്തുന്നതിന് തൊട്ടുമുമ്പ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവരുടെ വീട്ടിലെത്തി. മരുമകനും കുടുംബത്തിനുമുള്ള പിന്തുണ അറിയിക്കാനാണ് മമത ചൊവ്വാഴ്ച രാവിലെതന്നെ സന്ദര്‍ശിച്ചത്.

10 മിനിറ്റിനുശേഷം മമത മടങ്ങുകയും ചെയ്തു. മുന്‍കൂട്ടി നിശ്ചയിക്കാതെയാണ് മമത എത്തിയത്. രുജിരയെ ചൊവ്വാഴ്ച ചോദ്യം ചെയ്യുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അനധികൃതമായി കല്‍ക്കരി ഖനനം ചെയ്തതിനും കല്‍ക്കരി കടത്തിയതിനും നവംബറിലാണ് സിബിഐ കേസെടുത്തത്. അതേസമയം, സിബിഐ സംഘമെത്തുന്നതിന് മുമ്പ് മമത നടത്തിയ സന്ദര്‍ശനത്തിനെതിരേ ബിജെപി രംഗത്തെത്തി. അന്വേഷണത്തെ സ്വാധീനിക്കാന്‍ വേണ്ടിയാണ് മമത അഭിഷേകിന്റെ വീട് സന്ദര്‍ശിച്ചതെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ ആരോപണം.

Tags:    

Similar News