പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടിവരും; മുന്നറിയിപ്പുമായി കേന്ദ്രം

പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളവും അലവന്‍സും പിടിച്ചുവയ്ക്കുന്നതുള്‍പ്പടെ മറ്റ് അച്ചടക്കനടപടികള്‍ അടക്കമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Update: 2020-01-07 14:00 GMT

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂനിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പണിമുടക്കില്‍ പങ്കെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ജീവനക്കാര്‍ പണിമുടക്കിനെ സഹായിക്കുന്ന നിലപാടുകളെടുക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. പണിമുടക്കില്‍ പങ്കെടുക്കുന്നതോ, പണിമുടക്കിന് സഹായകമായ നിലപാടുകള്‍ സ്വീകരിക്കുന്നതുമായ നടപടികള്‍ 1964 സിസിഎസ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് സുപ്രിംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളവും അലവന്‍സും പിടിച്ചുവയ്ക്കുന്നതുള്‍പ്പടെ മറ്റ് അച്ചടക്കനടപടികള്‍ അടക്കമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ട്രേഡ് യൂനിയന്‍ സംയുക്തസമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ആരംഭിക്കുക. തൊഴിലാളികളും കര്‍ഷകരും വിദ്യാര്‍ഥികളും യുവജനങ്ങളും ഉള്‍പ്പടെ 30 കോടിയോളം പേര്‍ പങ്കെടുക്കമെന്നാണ് റിപോര്‍ട്ടുകള്‍. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് 175 കര്‍ഷക, കര്‍ഷകത്തൊഴിലാളി യൂനിയനുകള്‍ ഗ്രാമീണ്‍ബന്ദ് ആചരിക്കും. അറുപതോളം വിദ്യാര്‍ഥി സംഘടനകളും വിവിധ സവകലാശാലാ യൂനിയന്‍ ഭാരവാഹികളും പിന്തുണ അറിയിച്ചതായി കേന്ദ്ര ട്രേഡ് യൂനിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമാവുമെന്നും അവര്‍ അറിയിച്ചു. അവശ്യസര്‍വീസുകളായ പാല്‍, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും ശബരിമല തീര്‍ഥാടന വാഹനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Tags:    

Similar News