കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി ആരോഗ്യമന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് കെജ്‌രിവാള്‍

Update: 2022-05-31 09:01 GMT

ന്യൂഡല്‍ഹി: എഎപി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്തര്‍ ജയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരേ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. കേസ് വ്യാജമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആം ആദ്മി സത്യസന്ധത പാലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്. മന്ത്രിക്കെതിരെയുള്ള ആരോപണത്തില്‍ ഒരുശതമാനമെങ്കിലും കഴമ്പുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ നടപടി സ്വീകരിക്കുമായിരുന്നു.

തങ്ങളുടെ പാര്‍ട്ടി ഒരുതരത്തിലുള്ള അഴിമതിയെയും പിന്തുണയ്ക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് വിശദമായി പഠിച്ചപ്പോള്‍ കേസ് വ്യാജമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും പാര്‍ട്ടിക്ക് ബോധ്യമായി. ഞങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. ജെയിന്‍ സത്യത്തിന്റെ പാതയാണ് പിന്തുടരുന്നത്. അദ്ദേഹം നിരപരാധിയായി പുറത്തുവരും. ജനുവരിയില്‍ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജെയിന്‍ അറസ്റ്റിലാവുമെന്ന് തനിക്ക് നേരത്തെ വിവരം കിട്ടിയിരുന്നെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു. കള്ളപ്പണക്കേസില്‍ തിങ്കളാഴ്ചയാണ് ആരോഗ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്.

Tags:    

Similar News