'ഗോഡ്സെ ഭീകരവാദിയല്ലെന്ന് അഭിമാനത്തോടെ പറയുന്നു': ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ
പാര്‍ലമെന്റില്‍ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതിന് പിന്നാലെയാണ് ബിജെപി എംഎല്‍എയുടെ പ്രസ്താവന.
ലക്നൗ: ഗാന്ധി ഘാതകന് ഗോഡ്സെ ഭീകരവാദിയല്ലെന്ന് അഭിമാനത്തോടെ പറയാം എന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ. പാര്‍ലമെന്റില്‍ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതിന് പിന്നാലെയാണ് ബിജെപി എംഎല്‍എയുടെ പ്രസ്താവന. ഗോഡ്സെ ഭീകരവാദിയായിരുന്നില്ലെന്ന് അഭിമാനത്തോടെ പറയാം. എന്നാല്‍, പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ഭാഷയെ അംഗീകരിക്കുന്നില്ലെന്നും ബാലിയ എംഎല്‍എ സുരേന്ദ്ര സിംഗ് പറഞ്ഞു. രാജ്യത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിനായി ഗാന്ധിയെ വധിച്ചത് ഗോഡ്സെക്ക് പറ്റിയ തെറ്റാണ്.
ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവും സ്വാതന്ത്ര്യസമര നേതാവും അഹിംസാവാദിയും ആയിരുന്നു എന്ന കാര്യത്തില്‍ സംശയമില്ലെന്നും എംഎല്‍എ പറഞ്ഞു. രാജ്യം മതാടിസ്ഥാനത്തില്‍ വിഭജിച്ച സമയത്തുതന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.