മാര്‍ച്ച് അഞ്ചിന് ആദിവാസി, ദലിത് വിഭാഗങ്ങളുടെ സംയുക്ത ഭാരത് ബന്ദ്

ദലിത്, ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രത്യക ഓര്‍ഡിനന്‍സ് പുറത്തിറക്കി തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ദലിത്, ആദിവാസി വിഭാഗങ്ങളുടെ ആവശ്യം.

Update: 2019-02-28 05:40 GMT

ന്യൂഡല്‍ഹി: ആദിവാസികളെ കാടുകളില്‍നിന്ന് കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിംകോടതി നിര്‍ദേശത്തിനെതിരേ വിവിധ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ രാജ്യവ്യാപകമായി മാര്‍ച്ച് അഞ്ചിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ദലിത്, ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രത്യക ഓര്‍ഡിനന്‍സ് പുറത്തിറക്കി തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ദലിത്, ആദിവാസി വിഭാഗങ്ങളുടെ ആവശ്യം.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ബന്ദില്‍നിന്ന് പിന്‍മാറില്ലെന്ന് ദലിത്, ആദിവാസി ആക്ടിവിസ്റ്റ് അശോക് ഭാരതി പറഞ്ഞു. വിവിധ ദലിത്, പട്ടികജാതി, പട്ടികവര്‍ഗ സംഘടനകള്‍ ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. സമാധാനപൂര്‍ണമായിരിക്കും ബന്ദെന്നും ആദിവാസി ഭൂരിപക്ഷ മേഖലകളായ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ഡ്, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ ബന്ദിന് നേതൃത്വം നല്‍കുമെന്നും ഡല്‍ഹിയില്‍ ആദിവാസികളെയും വിവിധ ദലിത് വിഭാഗങ്ങളെയും മുന്‍നിര്‍ത്തി തങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പറഞ്ഞ് മാര്‍ച്ച് നടത്താനും പരിപാടിയുണ്ടെന്ന് അശോക് ഭാരതി വ്യക്തമാക്കി.

ആദിവാസികള്‍ തങ്ങളുടെ പരമ്പരാഗതപ്രദേശത്ത് നൂറ്റാണ്ടുകളായി താമസിക്കുന്നവരാണ്. അവര്‍ക്ക് പട്ടയമോ, മറ്റ് കൈവശാവകാശ രേഖകളോ ഉണ്ടായിരിക്കില്ല. അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സുപ്രിംകോടതിയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നതില്‍ സര്‍ക്കാര്‍ നിയമവിദഗ്ധര്‍ പരാജയപ്പെട്ടു. ദലിതരുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതില്‍ പട്ടികജാതി- വര്‍ഗ കമ്മീഷനുകള്‍ വരെ പരാജയപ്പെട്ടെന്നും അശോക് ഭാരതി പറഞ്ഞു. 10 ലക്ഷം ആദിവാസികളെ അവരുടെ താമസസ്ഥലത്തുനിന്ന് കുടിയിറക്കണമെന്ന് ഫെബ്രുവരി 13നാണ് സുപ്രിംകോടതി നിര്‍ദേശമുണ്ടായത്.

Tags:    

Similar News