അലക്ഷ്യമായി നടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ പാകിസ്താന് കൈമാറി ബിഎസ്എഫ്

പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ ഫിറോസ്പൂര്‍ സെക്ടറിലാണ് സംഭവം. രാത്രി 7.15 ഓടെയാണ് അതിര്‍ത്തി കടന്നെത്തിയ മൂന്നു വയസ്സുകാരനായ കുട്ടി വഴിയറിയാതെ കരയുന്നത് ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

Update: 2022-07-02 07:13 GMT

ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) അയല്‍രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ഉദ്യോഗസ്ഥര്‍ ശനിയാഴ്ച അറിയിച്ചു.

പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയായ ഫിറോസ്പൂര്‍ സെക്ടറിലാണ് സംഭവം. രാത്രി 7.15 ഓടെയാണ് അതിര്‍ത്തി കടന്നെത്തിയ മൂന്നു വയസ്സുകാരനായ കുട്ടി വഴിയറിയാതെ കരയുന്നത് ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ബിഎസ്എഫിന്റെ 182 ബറ്റാലിയന്‍ കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

എങ്ങനെയാണ് അതിര്‍ത്തി കടന്നതെന്ന് കുട്ടിയോട് സൈനികര്‍ ചോദിച്ചു. എന്നാല്‍ കുട്ടി ഭയന്നു വിറച്ച നിലയിലായിരുന്നു. അലക്ഷ്യമായി നടന്നപ്പോള്‍ അതിര്‍ത്തി കടന്നെത്തിയതാണെന്നും ബിഎസ്എഫ് മനസ്സിലാക്കി.

തുടര്‍ന്ന് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് എന്ന സൈനിക വിഭാഗത്തെ വിവരം അറിയിക്കുകയും രാത്രി 9.45 ഓടെ കുട്ടിയെ കൈമാറുകയുമായിരുന്നു. കുട്ടി അബദ്ധത്തില്‍ ഇന്ത്യയിലെത്തിയതാണെന്നും, മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കുട്ടിയെ കൈമാറിയതെന്നും ബിഎസ്എഫ് വ്യക്തമാക്കി.

Tags:    

Similar News