കൈക്കൂലി: യോഗി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാരുടെ പഴ്‌സനല്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍

കുടുങ്ങിയത് എബിപി ന്യൂസ് നടത്തിയ സ്റ്റിങ് ഓപറേഷനില്‍

Update: 2019-01-06 05:34 GMT

ലക്‌നൗ: ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ അഴിമതിക്കും കൈക്കൂലി വാങ്ങിയതിനും മൂന്ന് മന്ത്രിമാരുടെ പേഴ്‌സനല്‍ സെക്രട്ടറിമാര്‍ അറസ്റ്റിലായി. യുപി വിധാന്‍സഭയുടെ പരിസരത്ത് ഇവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഒളികാമറ ഓപറേഷനിലൂടെ കഴിഞ്ഞ ദിവസം എബിപി ന്യാസാണ് പുറത്തുവിട്ടത്. ഇതെത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഖനന, എക്‌സൈസ് മന്ത്രി അര്‍ച്ചന പാണ്ഡ്യ, പിന്നാക്ക ക്ഷേമമന്ത്രി ഓം പ്രകാശ് രാജ്ഭാര്‍, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ പേഴ്‌സനല്‍ സെക്രട്ടറിമാരാണ് അറസ്റ്റിലായത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിലുള്‍പ്പെട്ട സെക്രട്ടറിമാരെ സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മന്ത്രി ഓം പ്രകാശ് രാജ്ഭാറുടെ സെക്രട്ടറി ഓം പ്രകാശ് കശ്യപ് സ്ഥലമാറ്റം നടത്തുന്നതിന് 40 ലക്ഷം കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. സ്‌കൂളുകള്‍ക്ക് ബാഗുകളും യൂനിഫോമും വിതരണം ചെയ്യുന്നതിനുള്ള കരാറിനായിട്ടാണ് വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങിന്റെ സെക്രട്ടറി കൈക്കൂലി വാങ്ങിയത്. അര്‍ച്ചന പാണ്ഡ്യയുടെ സെക്രട്ടറി ഖനനത്തിനുവേണ്ടിയാണ് കൈക്കൂലി വാങ്ങിയത്. സംസ്ഥാനത്തില്‍ ഭരണനിര്‍വണത്തില്‍ പൂര്‍ണ സത്യസന്ധത ആവശ്യമാണെന്ന് യോഗി ആദിത്യനാഥ് ആവര്‍ത്തിക്കുന്നതിന് പിന്നാലെയാണ് അഴിമതി സംഭവം പുറത്തുവന്നിരിക്കുന്നത്.

Tags:    

Similar News