ഉസ്മാനിയ സര്‍വകലാശാലയില്‍ അതിക്രമിച്ച് കയറി; ബിജെപി എംപി തേജസ്വി സൂര്യയ്‌ക്കെതിരേ കേസെടുത്ത് പോലിസ്

സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തേജസ്വിക്കെതിരേ കേസെടുത്തതെന്ന് തെലങ്കാന പോലിസ് മേധാവി മഹേന്ദര്‍ റെഡ്ഡി അറിയിച്ചു.

Update: 2020-11-26 16:25 GMT

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ ഉസ്മാനിയ സര്‍വകലാശാലയില്‍ അതിക്രമിച്ചുകയറിയതിന്റെ പേരില്‍ ബിജെപി എംപി തേജസ്വി സൂര്യയ്ക്കെതിരേ പോലിസ് കേസെടുത്തു. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തേജസ്വിക്കെതിരേ കേസെടുത്തതെന്ന് തെലങ്കാന പോലിസ് മേധാവി മഹേന്ദര്‍ റെഡ്ഡി അറിയിച്ചു. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് ബംഗളൂരു സൗത്തില്‍നിന്നുള്ള ബിജെപി എംപിയായ തേജസ്വി സൂര്യ സര്‍വകലാശാലയിലെത്തിയത്.

പ്രവേശനം തടയാനായി സ്ഥാപിച്ച ബാരിക്കേഡുകളും മുള്ളുവേലികളും മാറ്റി തേജസ്വിയും അനുയായികളും സര്‍വകലാശാല കാംപസിനകത്തേയ്ക്ക് പ്രവേശിക്കുകയും ആര്‍ട്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്നാണ് അനുമതി വാങ്ങാതെ സര്‍വകലാശാലാ കാംപസിനുള്ളില്‍ പ്രവേശിച്ച് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ പോലിസില്‍ പരാതി നല്‍കിയത്. അതിക്രമിച്ചുകടന്നുവെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. 2017ലെ സര്‍ക്കുലര്‍ പ്രകാരം കാംപസില്‍ രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

തെലങ്കാന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരം അര്‍പ്പിക്കാനാണ് താനെത്തിയതെന്നായിരുന്നു തേജസ്വിയുടെ വിശദീകരണം. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ഉത്തരവ് പ്രകാരമാണ് താന്‍ സര്‍വകാലാശാലയിലേക്ക് പ്രവേശിക്കുന്നത് പാരിക്കേഡ് സ്ഥാപിച്ച് പോലിസ് തടഞ്ഞതെന്നും തേജസ്വി സൂര്യ ആരോപിച്ചു. തേജസ്വിയുടെ ആരോപണം പോലിസ് തള്ളി. വിദ്യാര്‍ഥികളും ജീവനക്കാരുമൊഴികെയുള്ളവര്‍ കാംപസില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് സര്‍വകലാശാല അധികൃതരാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചതെന്നാണ് പോലിസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തേജസ്വി സൂര്യ വ്യാപകമായി പ്രചരണം നടത്തിവരികയാണ്. ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഉവൈസിയ്‌ക്കെതിരേയും തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിനെതിരേയും നിരവധി വിവാദപരാമര്‍ശങ്ങളാണ് തേജസ്വി നടത്തിയിട്ടുള്ളത്.

Tags:    

Similar News