കോണ്‍ഗ്രസിന്റെ പരാതി; അസം ബിജെപി മന്ത്രിയെ 48 മണിക്കൂര്‍ നേരം പ്രചാരണത്തില്‍നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഗുവാഹത്തി: അസം മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഹിമാന്ത ബിശ്വ ശര്‍മയെ 48 മണിക്കൂര്‍ നേരത്തേയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അസമില്‍ മൂന്നാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ പരാതിയില്‍ ബിജെപി മന്ത്രിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
പ്രതിപക്ഷ സഖ്യത്തിലെ ബിപിഎഫ് (ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട്) അംഗമായ ഹഗ്രാമ മൊഹിലാരിയെ എന്‍ഐഎ ദുരുപയോഗം ചെയ്ത് ജയിലിലേക്ക് അയക്കുമെന്ന് ശര്‍മ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. ഇത് ശരിവച്ച കമ്മീഷന്‍ വെള്ളിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ന് രാത്രി തന്നെ ഉത്തരവ് പ്രാബല്യത്തിലായ സാഹചര്യത്തില്‍ ബിജെപിയുടെ 'സ്റ്റാര്‍ കാംപയിനര്‍' ആയി ലിസ്റ്റുചെയ്തിട്ടുള്ള ശര്‍മയ്ക്ക് ഇനി തന്റെ പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. വിവാദ പ്രസ്താവന സംബന്ധിച്ച് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശര്‍മയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് ശര്‍മ നല്‍കിയ വിശദീകരണം 'തൃപ്തികരമല്ല' എന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ നടപടിയുണ്ടായിരിക്കുന്നത്. ശര്‍മയുടെ പ്രസ്താവനയെ കമ്മീഷന്‍ ശക്തമായ അപലപിച്ചു.
ഏതെങ്കിലും പൊതുയോഗങ്ങള്‍, ഘോഷയാത്രകള്‍, റാലികള്‍, റോഡ് ഷോ, ഇന്റര്‍വ്യൂ, ഇലക്ട്രോണിക്, അച്ചടി, സോഷ്യല്‍ മീഡിയ തുടങ്ങി പൊതുപ്ലാറ്റ്‌ഫോമുകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതില്‍നിന്നും വിലക്കുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 28ന് ശര്‍മ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഹഗ്രാമ മൊഹിലാരി തീവ്രവാദപ്രവര്‍ത്തനം നടത്തുനനു. അദ്ദേഹത്തെ ജയിലിലേക്ക് അയക്കും. ഇതിനകംതന്നെ ധാരാളം തെളിവുകള്‍ ലഭിച്ചു. ഈ കേസ് എന്‍ഐഎയ്ക്ക് നല്‍കും.
കാറില്‍നിന്ന് ആയുധം കണ്ടെടുത്ത കേസ് എന്‍ഐഎയ്ക്ക് കൈമാറുകയാണ്. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ റീജിയനില്‍ അശാന്തി നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി. രണ്ടുദിവസത്തിന് ശേഷം കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ച് ഔദ്യോഗികമായി പരാതി നല്‍കുകയായിരുന്നു. മൊഹിലാരിയെ ജയിലിലേക്ക് അയക്കുമെന്ന പരസ്യമായ ഭീഷണിയാണിതെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആരോപിച്ചു.
