ഗാന്ധിയുടെ സ്വാതന്ത്ര്യസമരം നാടകം; വിവാദപരാമര്‍ശത്തില്‍ മാപ്പുപറയണം, എംപിയെ തള്ളി ബിജെപി
ബംഗളൂരുവില്‍ നടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ അനന്തകുമാര്‍ ഹെഗ്‌ഡെ സംസാരിച്ചത്.
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദപരാമര്‍ശം നടത്തിയ എംപി അനന്തകുമാര്‍ ഹെഗ്‌ഡെയെ തള്ളി ബിജെപി. എംപി മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടതായി എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. ഗാന്ധിയെക്കുറിച്ചുള്ള ഹെഗ്‌ഡെയുടെ പ്രസ്താവനയില്‍ ബിജെപി നേതൃത്വം അതൃപ്തരാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബംഗളൂരുവില്‍ നടന്ന പൊതുപരിപാടിയിലാണ് രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യസമരത്തെയും അധിക്ഷേപിച്ച് മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗവുമായ അനന്തകുമാര്‍ ഹെഗ്‌ഡെ സംസാരിച്ചത്.
ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമാണ് സ്വാതന്ത്ര്യസമരമെന്നുപറഞ്ഞ ഹെഗ്‌ഡെ, ഗാന്ധിജിയെ മഹാത്മാവെന്ന് വിളിക്കുന്നതിനെ ചോദ്യംചെയ്യുകയും ചെയ്തു. രാജ്യത്ത് നടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും പോലിസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും ചോദിച്ചു. മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യഗ്രഹവും നാടകമാണ്. മരണംവരെ നിരാഹാരം കിടന്നും സത്യഗ്രഹം നടത്തിയുമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്.
എന്നാല്‍, ഇത് സത്യമല്ല. ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലമാണ്. മഹാത്മാഗാന്ധിയുടെ വധവുമായി ആര്‍എസ്എസ്സിന് ബന്ധമില്ലെന്നും അനന്തകുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. അനന്തകുമാറിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാവാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം കാത്തിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയും അഭിപ്രായപ്പെട്ടിരുന്നു.

