ഏക എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; ഹരിയാനയില്‍ ബിജെപി-അകാലിദള്‍ സഖ്യം അവസാനിച്ചു
അസാന്മാര്‍ഗ്ഗികമായ നടപടിയാണിത്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ല. അതിനാല്‍ ഹരിയാനയില്‍ ബിജെപിയുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിക്കുകയാണെന്നും അകാലി ദള്‍ പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഹരിയാനയിലെ ശിരോമണി അകാലിദളിന്റെ ഏക എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ കലന്‍വാലിയില്‍ നിന്നുള്ള എംഎല്‍എയായ ബാല്‍കൗര്‍ സിംഗ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ മുന്നണി മര്യാദ ലംഘിച്ച ബിജെപിയുമായുള്ള ബന്ധം അകാലിദള്‍ അവസാനിപ്പിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് അകാലിദളിന്റെ തീരുമാനം. സീറ്റ് വിഭജനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമയത്ത് ഞങ്ങളുടെ എംഎല്‍എ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ശരിയായില്ല. അസാന്മാര്‍ഗ്ഗികമായ നടപടിയാണിത്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ല. അതിനാല്‍ ഹരിയാനയില്‍ ബിജെപിയുമായി ഉണ്ടായിരുന്ന സഖ്യം ഉപേക്ഷിക്കുകയാണെന്നും അകാലി ദള്‍ പാര്‍ട്ടി വക്താവ് വ്യക്തമാക്കി. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അകാലി ദള്‍ ബിജെപിയെ പിന്തുണച്ചിരുന്നു.