രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി

Update: 2021-10-30 01:02 GMT

ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ദീര്‍ഘിപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര യാത്രാവിമാനങ്ങളുടെ വിലക്ക് നവംബര്‍ 30 വരെ നീട്ടിയതായി ഡിജിസിഎ സര്‍ക്കുലറില്‍ അറിയിച്ചു. അതേസമയം, ചരക്കുനീക്കത്തിന് തടസ്സമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിമാനസര്‍വീസുകള്‍ക്കും ഇളവുണ്ട്. നേരത്തെ ഒക്ടോബര്‍ അവസാനം വരെയായിരുന്നു വിലക്ക്.

പല രാജ്യങ്ങളിലും വൈറസ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് യാത്രാനിരോധനം നവംബര്‍ 30 വരെ നീട്ടാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കമായ 2020 മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസര്‍വീസിന് വിലക്കേര്‍പ്പെടുത്തിയത്. ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര വിമാനസര്‍വീസിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പൂര്‍ണമായി നീക്കിയിട്ടില്ല. അതിനിടെ ആഭ്യന്തര വിമാന സര്‍വീസ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News