ബാബരി മസ്ജിദ് വിധി: സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് പോപുലര്‍ ഫ്രണ്ട്

വിധി അനുകൂലമായാലും പ്രതികൂലമായാലും അമിതമായ സന്തോഷവും രോഷപ്രകടനവും ഒഴിവാക്കാന്‍ ചെയര്‍മാന്‍ എല്ലാവരോടും അഭ്യര്‍ഥിച്ചു.

Update: 2019-11-04 03:38 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് എല്ലാ പൗരന്‍മാരോടും സംഘടനകളോടും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അഭ്യര്‍ഥിച്ചു. ഉന്നത ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്ന് ആവര്‍ത്തിച്ച അദ്ദേഹം, വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി. നമ്മുടെ സാമൂഹ്യഘടനയെ പലതരത്തില്‍ ജീര്‍ണിപ്പിച്ച പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിഷയത്തില്‍ വരുംദിവസങ്ങളില്‍ സുപ്രിംകോടതിയില്‍നിന്ന് വിധി വരുമെന്നാണ് രാഷ്ട്രം പ്രതീക്ഷിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ അടിത്തറയായ മതേതരത്വ- ജനാധിപത്യ റിപ്പബ്ലിക്കിനെതിരായ ആക്രമണമായിരുന്നു 1992 ലെ ബാബരി മസ്ജിദ് തകര്‍ക്കല്‍.

കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകരെയും വ്യവഹാരികളെയും ഭീഷണിപ്പെടുത്തുന്നതിനുവരെ വര്‍ഗീയശക്തികള്‍ അടുത്തിടെ ശ്രമിച്ചിരുന്നു. സുപ്രിംകോടതി വിധിയോടെ സമാധാനപരവും ശാശ്വതവുമായ ഒത്തുതീര്‍പ്പുണ്ടാവുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ. കൂടാതെ ഇത് രാജ്യത്ത് സഹവര്‍ത്തിത്വത്തിന്റെയും സമന്വയത്തിന്റെയും ഒരു പുതിയ യുഗം തുറക്കും. നിയമവാഴ്ചയും ജുഡീഷ്യറിയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കേണ്ടത് നീതിക്കായി പ്രതിജ്ഞാബദ്ധരായ എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്വമാണ്. വിധി അനുകൂലമായാലും പ്രതികൂലമായാലും അമിതമായ സന്തോഷവും രോഷപ്രകടനവും ഒഴിവാക്കാന്‍ ചെയര്‍മാന്‍ എല്ലാവരോടും വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.

Tags:    

Similar News