ബാബരി കേസ്: സുപ്രിംകോടതി വിധി വസ്തുതാവിരുദ്ധവും നിരാശാജനകവും- ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

മുസ്‌ലിംകള്‍ 500 വര്‍ഷമായി അവിടെ ആരാധന നിര്‍വഹിച്ചുവന്ന സ്ഥലമാണ്. അതിനാല്‍, നിലവിലെ കോടതി വിധി അനുസരിക്കുന്നതോടൊപ്പം സമ്പൂര്‍ണനീതി ലഭിക്കുന്നതുവരെ നിയമപരവും ജനാധിപത്യപരവുമായ ശ്രമങ്ങള്‍ തുടരും.

Update: 2019-11-10 13:06 GMT

ന്യൂഡല്‍ഹി: 500 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദിന്റെ സ്ഥലം വസ്തുതകള്‍ക്കും തെളിവുകള്‍ക്കും വിരുദ്ധമായി അനധികൃതമായി കൈയേറിയ കക്ഷിക്ക് ക്ഷേത്രം പണിയുന്നതിനായി വിട്ടുകൊടുക്കാനുള്ള സുപ്രിംകോടതി വിധി മതേതര ഇന്ത്യയെ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതിലൂടെ ഇന്ത്യ വീണ്ടും ലോകത്തിന് മുന്നില്‍ തലകുനിച്ചിരിക്കുകയാണെന്നും ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാന മുഹമ്മദ് അഹമ്മദ് ബേഗ് നദ്‌വി അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് ഒരു ക്ഷേത്രവും തകര്‍ത്ത് നിര്‍മിച്ചതല്ലെന്നും 1949ല്‍ മസ്ജിദിനുള്ളില്‍ അനധികൃതമായി വിഗ്രഹം സ്ഥാപിക്കപ്പെട്ടതാണെന്നും 1992ല്‍ നിയമവിരുദ്ധമായി മസ്ജിദ് തകര്‍ക്കപ്പെട്ടതാണെന്നും സുപ്രിംകോടതി അംഗീകരിച്ചിട്ടുകൂടി ബാബരി ഭൂമി, ക്ഷേത്രം പണിയാന്‍ വിട്ടുകൊടുക്കണമെന്ന വിധി വിശ്വാസികളെയും മതേതരമനസ്സുകളെയും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ്. തീര്‍ച്ചയായും ഈ തീരുമാനം എന്നും ഓര്‍മിക്കപ്പെടും. ഈ വിധി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും ഭരണഘടനയുടെ തത്വങ്ങള്‍ക്കും ശക്തമായ പ്രഹരമേല്‍പ്പിക്കുന്നു.

ബാബരി മസ്ജിദ് പൊളിക്കലിനെത്തുടര്‍ന്നുണ്ടായ കലാപവും ആയിരക്കണക്കിനാളുകള്‍ ഇരകളായതും ചരിത്രമാണ്. ബാബരി ധ്വംസനത്തിന്റെ പിറ്റേന്ന് അന്നത്തെ പ്രധാനമന്ത്രി 'പള്ളി മുസ്‌ലിംകള്‍ക്ക് അതേ സ്ഥാനത്ത് പുനര്‍നിര്‍മിച്ചുനല്‍കും' എന്ന് രാജ്യത്തിന് നല്‍കിയ വാഗ്ദാനവും മറക്കാനാവില്ല. ഈ വാഗ്ദാനം ഇപ്പോഴും നിറവേറ്റപ്പെട്ടിട്ടില്ല. ബാബരി മസ്ജിദ് ഒരു ക്ഷേത്രവും തകര്‍ത്തിട്ടല്ല പണിതത്. മുസ്‌ലിംകള്‍ 500 വര്‍ഷമായി അവിടെ ആരാധന നിര്‍വഹിച്ചുവന്ന സ്ഥലമാണ്. അതിനാല്‍, നിലവിലെ കോടതി വിധി അനുസരിക്കുന്നതോടൊപ്പം സമ്പൂര്‍ണനീതി ലഭിക്കുന്നതുവരെ നിയമപരവും ജനാധിപത്യപരവുമായ ശ്രമങ്ങള്‍ തുടരും. ബാബരി മസ്ജിദിന് നീതിലഭ്യമാക്കുന്നതിനുള്ള നിയമപോരാട്ടത്തില്‍ യുപി സുന്നി വഖഫ് ബോര്‍ഡിനും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിനുമൊപ്പം ഞങ്ങള്‍ ചേര്‍ന്നുനില്‍ക്കും. അതോടൊപ്പം രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

Tags:    

Similar News