ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാവ് കല്യാണ്‍ സിംഗിന് സമന്‍സ് അയച്ചു

Update: 2019-09-22 05:42 GMT

ലഖ്‌നോ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കല്യാണ്‍ സിംഗിന് സമന്‍സ് അയച്ചു. സിബിഐ പ്രത്യേക കോടതിയാണ് ഈ മാസം 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. രാജസ്ഥാന്‍ ഗവര്‍ണറായുള്ള കാലാവധി ഈ മാസം ആദ്യവാരം അവസാനിച്ചതിനു പിന്നാലെയാണ് കോടതിയുടെ നടപടി .

കല്യാണ്‍ സിംഗിന് പുറമേ ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കളെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് കോടതി വിചാരണ ചെയ്തു വരികയാണ്. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്.

രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സപ്തംബര്‍ ഒന്‍പതിന് അദ്ദേഹം വീണ്ടും ബിജെപിയില്‍ ചേര്‍ന്നു. ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ വിചാരണയില്‍ നിന്ന് കല്യാണ്‍ സിംഗിന് ഭരണഘടനാപരമായ പരിരക്ഷ ലഭിച്ചിരുന്നു. എന്നാല്‍, സ്ഥാനമൊഴിഞ്ഞയുടനെ സിങ്ങിനെ പ്രതിയാക്കി ചോദ്യം ചെയ്യാന്‍ സിബിഐക്ക് സുപ്രിം കോടതി അനുമതി നല്‍കുകയായിരുന്നു.


Tags:    

Similar News