പത്രങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ അവഗണന; സര്‍ക്കാരിനെ ബഹിഷ്‌കരിക്കാനൊരുങ്ങി അസം പത്രങ്ങള്‍

Update: 2019-03-09 15:28 GMT

ഗുവാഹത്തി: സംസ്ഥാനത്തു പത്രമാധ്യമങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാത്ത നടപടിയില്‍ പ്രതിഷേധിച്ചു സര്‍ക്കാരിനെ ബഹിഷ്‌കരിക്കാനൊരുങ്ങി അസം പത്രങ്ങള്‍. ഞായറാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കു സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്ത, പരസ്യം, പടങ്ങള്‍ തുടങ്ങി യാതൊന്നും പ്രസിദ്ധീകരിക്കേണ്ടെന്നാണു പത്രങ്ങളുടെ തീരുമാനം. വെള്ളിയാഴ്ച ഗുവാഹത്തിയില്‍ നടന്ന നോര്‍ത്ത് ഈസ്റ്റ് ന്യൂസ്‌പേപര്‍ സൊസൈറ്റിയുടെ യോഗത്തിലാണ് പുതിയ സമരപരിപാടി തീരുമാനിച്ചത്. അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നാണ് സംഘടനയുടെ പരാതി. അടുത്ത കാലത്തായി അച്ചടി മശിക്കും പേപ്പറിനും ഗതാഗതത്തിനുമടക്കം എല്ലാത്തിനും വന്‍തോതില്‍ ചെലവുവര്‍ധിച്ചു. എന്നാല്‍ 2014മുതല്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു നല്‍കുന്ന തുകയില്‍ യാതൊരു വര്‍ധനയും വരുത്തിയിട്ടില്ലെന്നും സംഘടന ആരോപിച്ചു. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുമെന്നും പരസ്യ താരിഫ് പുനക്രമീകരിക്കുമെന്നും കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉറപ്പു നല്‍കിയിരുന്നതാണെന്നും എന്നാല്‍ ഇതുവരെ നടപടിയൊന്നും കൈക്കൊള്ളാത്തതിനാലാണു സമരവുമായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചതെന്നും സംഘടന വ്യക്തമാക്കി. 

Tags:    

Similar News