അര്‍നബിന്റെ ഫോണ്‍ ഉപയോഗം; രണ്ട് ജയില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഗോസ്വാമി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് നടത്തിയ അന്വേഷണത്തിലാണ് ജയില്‍ ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ കൈമാറിയതായി വ്യക്തമായത്.

Update: 2020-11-11 07:48 GMT

മുംബൈ: ആത്മഹത്യാപ്രേരണാ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍നബ് ഗോസ്വാമി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ രണ്ട് ജയില്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. അലിബാഗ് ജയിലിലെ ജീവനക്കാരായ സബേദാര്‍ ആനന്ദ് ഭരേ, സച്ചിന്‍ വേദ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍വച്ച് ജയില്‍ ജീവനക്കാര്‍ അര്‍നബ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഗോസ്വാമി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് നടത്തിയ അന്വേഷണത്തിലാണ് ജയില്‍ ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ കൈമാറിയതായി വ്യക്തമായത്.

തുടര്‍ന്നാണ് അച്ചടക്കനടപടിയുണ്ടായത്. അര്‍നബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിന്നാലെ റായ്ഗഡ് പോലിസ് അദ്ദേഹത്തെ തലോജ ജയിലിലേക്കു മാറ്റിയിരുന്നു. 2018ല്‍ നടന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അര്‍നബിനെ മുംബൈ പോലിസ് അറസ്റ്റുചെയ്തത്.

Tags:    

Similar News