യുക്രെയ്‌നില്‍നിന്ന് 630 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടി ഡല്‍ഹിയിലെത്തി

Update: 2022-03-04 05:12 GMT

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ 630 വിദ്യാര്‍ഥികളെ കൂടി സുരക്ഷിതരായി നാട്ടില്‍ തിരികെയെത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് ഇ-17 വിമാനങ്ങളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റൊമാനിയ, ഹംഗറി എന്നിവിടങ്ങളില്‍ എത്തിയ വിദ്യാര്‍ഥികളെയാണ് മടക്കിക്കൊണ്ടുവന്നത്. ഇന്നലെ അര്‍ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഡല്‍ഹിയിലെ ഹിന്‍ഡന്‍ എയര്‍ബേസിലാണ് വിമാനം പറന്നിറങ്ങിയത്. ഇതില്‍ 30 മലയാളി വിദ്യാര്‍ഥികളുണ്ട്. ഇന്നലെ എത്തിയ 115 മലയാളി വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. രാവിലെ 10 മണിക്കുള്ള ചാര്‍ട്ടേഡ് എയര്‍ ഏഷ്യ വിമാനത്തിലാണ് വിദ്യാര്‍ഥികള്‍ കൊച്ചിയിലേക്ക് പുറപ്പെടുക.

ഇന്നും നാളെയുമായി 7400 പേരെ കൂടി തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് പത്തിനുള്ളില്‍ 80 വിമാനങ്ങള്‍ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ നല്‍കിയ വിവരം. ഇനിയും നിരവധി വിദ്യാര്‍ഥികള്‍ അതിര്‍ത്തികളിലും മറ്റുമായി രാജ്യത്തേക്ക് മടങ്ങിയെത്താന്‍ കാത്തിരിക്കുന്നുണ്ട്. ആയിരത്തോളം ഇന്ത്യന്‍ പൗരന്‍മാര്‍ ഇന്നലെ ഖാര്‍കീവ് വിട്ടിരുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തി കടക്കാന്‍ കാത്തുനില്‍ക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു. നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് ഇപ്പോഴും സുമിയില്‍ കുടുങ്ങിക്കിടക്കുന്നത്. സുമിയിലും ഖാര്‍കീവിലും കുടുങ്ങിയ വിദ്യാര്‍ഥികളെ റഷ്യയുടെ സഹായത്തോടെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്.

പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഖാര്‍കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നും വിദ്യാര്‍ഥികളെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൊണ്ടുപോവുന്നതിനായി പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് യുക്രെയ്ന്‍ അധികൃതരോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യുക്രെയ്ന്‍ സൈന്യത്തിന്റെ സഹായത്തോടെ ഖാര്‍കീവില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ ഇതിനകം പടിഞ്ഞാറന്‍ യുക്രെയ്‌നിലെത്തി. റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ അതിര്‍ത്തി വഴിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. റഷ്യ വഴി കിഴക്കന്‍ യുക്രെയ്‌നില്‍ നിന്നും രക്ഷപ്പെടുത്തല്‍ ദൗത്യം ഇതുവരെ തുടങ്ങിയിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Similar News