ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തത് മറയ്ക്കാന്‍ ഡല്‍ഹിയിലെ കോളജില്‍ സെമിനാര്‍ പരമ്പരയുമായി ഇസ്രായേല്‍

Update: 2021-05-28 18:39 GMT

ന്യൂഡല്‍ഹി: ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത ഭീകരത മറച്ചുപിടിക്കുന്നതിനും മുഖം രക്ഷിക്കുന്നതിനുമായി ഇസ്രായേല്‍ ഡല്‍ഹിയിലെ കോളജില്‍ സെമിനാര്‍ പരമ്പര സംഘടിപ്പിക്കുന്നു. ഇസ്രായേല്‍ എംബസിയുമായി സഹകരിച്ച് ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളജാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫലസ്തീനിലെ നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല ചെയ്തതിലൂടെ നഷ്ടപ്പെട്ട ഇസ്രായേലിന്റെ മുഖം വീണ്ടെടുക്കുകയെന്നതാണ് സെമിനാറിന്റെ പിന്നിലെ ലക്ഷ്യമെന്ന കാര്യം വ്യക്തമാണ്.


 ഈമാസം 31, ജൂണ്‍ 2, 7, 9 തിയ്യതികളിലായി നാലുദിവസമാണ് സെമിനാര്‍ നടക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് സെമിനാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തിലെ കൂട്ടക്കൊലകളാണ് സെമിനാറിലെ വിഷയം. ഡോ. നോവ മേക്കട്ടോണ്‍, ഡോ. ഡേവിഡ് ഡച്ച്, റീന ക്വിന്റ്, കറ്റാര്‍സിന സെര്‍വൊനോഗോറ തുടങ്ങിയവരാണ് നാലുദിവസമായി നടക്കുന്ന സെമിനാറില്‍ സംസാരിക്കുകയെന്ന് ഇസ്രായേല്‍ എംബസി പുറത്തിറക്കിയ ബ്രോഷറില്‍ വ്യക്തമാക്കുന്നു. ഗസയിലടക്കം നിരപരാധികളായ സ്ത്രീകളും പിഞ്ചുകുട്ടികളും അടക്കമുള്ള ഫലസ്തീനികളെ അരുംകൊല ചെയ്ത ഇസ്രായേലുമായി സഹകരിച്ച് സെമിനാര്‍ നടത്താനുള്ള ഡല്‍ഹിയിലെ കോളജിന്റെ നീക്കത്തിനെതിരേ വലിയ പ്രതിഷേധമാണുയരുന്നത്.

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഇസ്രായേലി സയണിസ്റ്റ് സെമിനാര്‍ ബഹിഷ്‌കരിക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹി സര്‍വകലാശാല യൂനിറ്റ് ആഹ്വാനം ചെയ്തു. ഫലസ്തീനിലെ നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല ചെയ്തതിലൂടെ നഷ്ടപ്പെട്ട ഇസ്രായേലിന്റെ മുഖം വീണ്ടെടുക്കുകയെന്നതാണ് സെമിനാറിന്റെ പിന്നിലെ ലക്ഷ്യം. ഇസ്രായേല്‍ നടത്തിയ വിവേചനരഹിതമായ ബോംബാക്രമണത്തില്‍ 230 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരപരാധികളായ സാധാരണക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

സയണിസ്റ്റ് ഇസ്രായേല്‍ രാഷ്ട്രം ഫലസ്തീനികള്‍ക്കെതിരേ 73 വര്‍ഷമായി വര്‍ണവിവേചനം നടത്തിവരികയാണ്. ലോകമെമ്പാടുമുള്ള എല്ലാവരും ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും തീവ്രവാദ അധിനിവേശത്തിനെതിരേ ശബ്ദമുയര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇസ്രായേലിനോട് അനുഭാവം സൃഷ്ടിക്കുന്നതിനും വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുന്നതിനുമായി ലോകമെമ്പാടുമുള്ള വിവിധ സര്‍വകലാശാലകളിലേക്ക് സയണിസ്റ്റ് അംബാസഡര്‍മാരെ ഇസ്രായേല്‍ അയയ്ക്കുന്നത്.

അത്തരം അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് ധനസഹായം നല്‍കുകവഴി അവരുടെ യുദ്ധക്കുറ്റങ്ങള്‍ മറയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരം സെമിനാറുകളുടെ മറവില്‍ #IndiaStandsWithPalestine എന്ന കാംപയിന്‍ സംഘടിപ്പിക്കുന്നതും സാമ്രാജ്യത്വ കൊളോണിയല്‍ സര്‍ക്കാരിനെതിരേ എല്ലായ്‌പ്പോഴും നിലകൊള്ളുന്നതുമായ യുവതലമുറയെ ഇസ്രായേല്‍ എംബസി ലക്ഷ്യമിടുന്നു. സെമിനാര്‍ നടത്തുന്നതിലൂടെ സെന്റ് സ്റ്റീഫന്‍സ് കോളജ് ഇസ്രായേലിന്റെ കുടിയേറ്റ പ്രചാരണത്തില്‍ പങ്കുചേരുകയാണ്. ഇസ്രായേലിനെ പിന്തുണയ്ക്കുന്നതില്‍നിന്ന് അധികാരികള്‍ പിന്‍മാറണം. സെമിനാര്‍ ബഹിഷ്‌കരിക്കാനും മനുഷ്യാവകാശത്തിനും സാഹോദര്യത്തിനുമെതിരേ പ്രവര്‍ത്തിക്കുന്ന ശത്രുക്കള്‍ക്കെതിരേ പ്രക്ഷോഭം നടത്താനും കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി സമൂഹത്തോട് അഭ്യര്‍ഥിച്ചു.

Tags: