ആന്ധ്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടം; പൈലറ്റിന്റെ വീഴ്ചയെന്ന് റിപോര്‍ട്ട്

അപകടത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥര്‍ ഗണ്ണാവരം വിജയവാഡ വിമാനത്താവളം സന്ദര്‍ശിച്ചത്.

Update: 2021-02-24 07:04 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടം പൈലറ്റിന്റെ വീഴ്ചയെത്തുടര്‍ന്നാണെന്ന് റിപോര്‍ട്ട്. അപകടത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥര്‍ ഗണ്ണാവരം വിജയവാഡ വിമാനത്താവളം സന്ദര്‍ശിച്ചത്.

അപകടത്തെക്കുറിച്ച് പ്രാഥമികാന്വേഷണം ആരംഭിച്ച ഡിജിസിഎ സംഘം വിവിധ വശങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തകരാറിലായ വിമാനം പരിശോധിക്കുകയും കനേഡിയന്‍ പൈലറ്റുമായി ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു. ഡിജിസിഎ ടീം ബുധനാഴ്ചയും പരിശോധന തുടരുമെന്നാണ് വിവരം. കഴിഞ്ഞദിവസമാണ് 64 പേരുമായി പറന്നിറങ്ങിയ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോളിലിടിച്ചത്. വന്‍ദുരന്തമാണ് ഒഴിവായത്.

യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കും അപകടമൊന്നുമുണ്ടയില്ല. ദോഹയില്‍നിന്ന് എത്തിയ വിമാനത്തിലെ 19 യാത്രക്കാരെ വിജയവാഡ വിമാനത്താവളത്തില്‍ ഇറക്കുന്നതിനായി ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. വിമാനം റണ്‍വേയിലെ അഞ്ചാം നമ്പര്‍ ബേയിലേക്ക് പോവുമ്പോഴാണ് നിയന്ത്രണം നഷ്ടമായത്. വിമാനത്തിന്റെ ചിറകുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Tags: