ഹൈക്കമാന്റ് യുവതികള്‍ക്കൊപ്പം; കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുന്നു

എഐസിസി വക്താവ് പവന്‍ ഖരയുടെ പ്രസ്താവന കേരളത്തിലെ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഒരുപോലെ പ്രതിസന്ധിയിലാക്കി

Update: 2019-01-06 07:52 GMT

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരേ കെപിസിസി സമരമുറകള്‍ മാറിമാറി പരീക്ഷിക്കുന്നതിനിടെ, യുവതികളെ പ്രവേശിപ്പിക്കാമെന്ന നിലപാട് ആവര്‍ത്തിച്ച് ഹൈക്കമാന്റ്. ഇതോടെ, കെപിസിസി നേതൃത്വം വെട്ടിലായി. യുവതി പ്രവേശനത്തിനെതിരെ സംഘപരിവാര്‍ ഉന്നയിക്കുന്ന നിലപാടുകള്‍ക്ക് സമാനമാണ് കെപിസിസിയും മുന്നോട്ടുപോവുന്നതെന്ന ആക്ഷേപം ശക്തമാണ്. യുവതികള്‍ക്ക് പ്രവേശനം നല്‍കാമെന്ന സുപ്രീംകോടതി വിധിയെ തുടക്കത്തിലെ എഐസിസിയും രാഹുല്‍ഗാന്ധിയും സ്വാഗതം ചെയ്തിരുന്നു.

കെപിസിസി നിലപാടിനെതിരേ പാര്‍ട്ടിയിലും പോഷകസംഘടനകളിലും അമര്‍ഷം ശക്തമാണ്. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കെപിസിസി നിലപാടിനെതിരെ ഹൈക്കമാന്റിനെ സമിപിച്ചതായി സൂചനയുണ്ട്. എന്‍എസ്‌യു നേതൃത്വവും പരാതിയുമായി നേതൃത്വത്തെ സമിപിച്ചേക്കും. ഇതിനിടെ, എഐസിസി വക്താവ് പവന്‍ ഖരയുടെ പ്രസ്താവന കേരളത്തിലെ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഒരുപോലെ പ്രതിസന്ധിയിലാക്കി. ബുദ്ധിയുള്ളവര്‍ ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുമെന്നു പവന്‍ഖര വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്റ് യുവതീ പ്രവേശം അനുവദിച്ച സുപ്രിംകോടതി വിധിക്കൊപ്പമാണ്. ബുദ്ധിയുള്ള ജനങ്ങള്‍ യുവതി പ്രവേശനം ആഗ്രഹിക്കുന്നു. യുവതികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും പവന്‍ഖര പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അടുപ്പക്കാരനായ പവന്‍ഖരയുടെ അഭിപ്രായപ്രകടനം കെപിസിസി നിലപാടിനെ പൂര്‍ണമായും തള്ളിക്കളയുകയാണ്. യുവതീ പ്രവേശനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം കെപിസിസി സ്വീകരിച്ച സമീപനത്തില്‍ രാഹുല്‍ഗാന്ധിക്ക് അതൃപ്തിയുണ്ടെന്ന സൂചനകള്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു. ലോകസഭയില്‍ ഹൈക്കമാന്റുമായി ആലോചിക്കാതെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ സോണിയഗാന്ധി ശാസിച്ചിരുന്നു. രാഹുല്‍ ഗാന്ധിയില്‍ നിന്നും ഇവര്‍ക്ക് ശാസന നേരിടേണ്ടിവന്നു.



Tags:    

Similar News