കശ്മീരിലെ ആക്രമണം; ദേശവിരുദ്ധ സ്വഭാവത്തിലുള്ള വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ആക്രമണത്തിന് പ്രചോദനം നല്‍കുന്നതോ ദേശവിരുദ്ധത പ്രോല്‍സാഹിപ്പിക്കുന്നതോ ആയ ഒന്നും സംപ്രേക്ഷണം ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതൊന്നും വാര്‍ത്തകളില്‍ ഉള്‍പ്പെടരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Update: 2019-02-14 17:07 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് എല്ലാ സ്വകാര്യ ചാനലുകള്‍ക്കും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആക്രമണത്തിന് പ്രചോദനം നല്‍കുന്നതോ ദേശവിരുദ്ധത പ്രോല്‍സാഹിപ്പിക്കുന്നതോ ആയ ഒന്നും സംപ്രേക്ഷണം ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതൊന്നും വാര്‍ത്തകളില്‍ ഉള്‍പ്പെടരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബ്രോഡ്കാസ്റ്റ് ഡിവിഷന്‍ ഡയറക്ടര്‍ അമിത് കട്ടോച്ച് ഒപ്പിട്ട കത്താണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. കശ്മീരില്‍ സിആര്‍പിഎഫ് സൈനിക വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ നാല്‍പ്പതിലേറെ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വാര്‍ത്ത പുറത്ത് വന്ന ഉടനെ ഇന്ത്യക്ക് പ്രതികാരം വേണം എന്ന ഹാഷ്ടാഗില്‍ ചില ചാനലുകള്‍ തങ്ങളുടെ പ്രൈം ടിവി ഷോയുടെ പ്രമോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

Tags: